Google Ads

Thursday, August 17, 2017

അഭിനവ അഭിമന്യു

സ്വാതന്ത്ര്യദിനമായിട്ട് രാവിലെത്തന്നെ സ്ക്കൂളിൽ പോയി പതാക ഉയർത്തുന്നതിന് സാക്ഷിയായി...

അവിടെ നിന്ന് മടങ്ങുമ്പോഴേക്കും ദേശസ്നേഹം കൊണ്ട് വിജൃംഭിച്ച് ആകെ അവശനായിരുന്നു.....

ഇനി ഇന്ന് മുഴുവൻ മൂടിപ്പുതച്ച് സുഖമായി കിടന്നുറങ്ങണം ......

മൂടിപ്പുതക്കുന്നത് തണുപ്പുണ്ടായിട്ടല്ല ....
കൊതുകിനെ പേടിച്ചിട്ടാണ്....

*ഡെങ്കുപ്പനി തടയാൻ ഡിങ്കനു പോലും കഴിയില്ല എന്നാണ് യുക്തിവാദികളായ ചില ഡോക്ടർമാർ പറയുന്നത് ....*

വീട്ടിലേക്ക് കാലെടുത്തു വെച്ചില്ല .... ദൂരെ നിന്നേ കണ്ടു ... അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഭാര്യ .....

എന്നെക്കണ്ടയുടൻ ....

" കേറണ്ട .... കേറണ്ട ... ഇപ്പോത്തന്നെ വൈകി.... "

" എന്താ കാര്യം ....?? "

എനിക്കൊന്നും മനസ്സിലായില്ല....

" ഞാൻ പറഞ്ഞില്ലായിരുന്നോ ...
* * * *സിൽക്ക്സിൽ ഷോപ്പിംഗിന് പോണ കാര്യം ... സാരിക്ക് 60% വരെ ഓഫ് ഉണ്ട്... ഇന്നൊരു ദിവസമേ ഉള്ളു ... ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽഓഫറാ .... താളം കണ്ടു നിൽക്കാതെ ഒന്നിറങ്ങാൻ നോക്കണുണ്ടോ.... "

സാധാരണ അവൾ തനിയെ പോയി സാരി വാങ്ങാറാണ് പതിവ് ....

ഇത് ഞാൻ അങ്ങോട്ട് നൽകിയ ഓഫറാണ് .....

ഇത്തവണ ഞാൻ കൂടെ വന്ന് ഒരു സാരി സെലക്ട് ചെയ്യാം എന്ന് .....

അതു കൊണ്ട് തർക്കിച്ചിട്ട് കാര്യമില്ല ...
സാരിയോട് മത്സരിക്കാൻ പറ്റിയ ഒരു വാഗ്ദാനവും തൽക്കാലം മനസ്സിലോട്ട് വരുന്നുമില്ല .....

" ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ...??
ആ മിന്ത്രയിലോ ഫ്ലിപ്പ്കാർട്ടിലോ മറ്റോ ഓർഡർ ചെയ്താൽ പോരേ ... "

ഞാൻ ഒരു അവസാന ശ്രമം നടത്തി നോക്കി .....

" അത് നമുക്ക് വൈകുന്നേരം ഇതു കഴിഞ്ഞ് വന്നിട്ട് ചെയ്യാം .... "

" അതു ശരി .... അപ്പോ ഇനി അതുമുണ്ടോ ....."

എന്റെയാ ചോദ്യം മൈൻഡ് ചെയ്യാതെ ഭാര്യ ഇറങ്ങിക്കഴിഞ്ഞു ....

ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേ കണ്ടു.... മെയ്ൻ ഗ്ലാസ് ഡോറിന് ഇരുവശവുമായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്ന കുറെ പുരുഷൻമാർ .....

ഭാര്യയെ തനിച്ച് ഷോപ്പിംഗിന് വിട്ടിട്ട് ഗെയിം കളിച്ചു രസിക്കുന്ന ഇറസ്പോൺസിബിൾ ഫെല്ലോസ് ....

പുച്ഛരസത്തിൽ ഒരു നോട്ടം അവരുടെ നേരെ എറിഞ്ഞിട്ട് ഞാൻ ഭാര്യയുടെ പിന്നാലെ അകത്തേക്കു കയറി ....

മുന്നിലതാ ഒരു അസ്പ ..... അസ്പരസ്... ഛെ ... അപ്സപരസ് .... ശ്ശൊ .. വായിൽ കിട്ടുന്നില്ലല്ലോ .... ഈ സ്വർഗ്ഗത്തിലൊക്കെ സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ഗേൾസില്ലേ ... അതുതന്നെ സാധനം .....

" എന്താ സാർ വേണ്ടത് "

കിളിനാദം ....

" സാരീടെ സെക്ഷനെവിടാ ...? "

ഞാൻ ബലം വിടാതെ ചോദിച്ചു ...

അവൾ നയിച്ച ദിശയിലേക്ക് ഞാൻ നീങ്ങി ....

ഭാര്യയുടെ പുരികം ചുളിഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു ....

നടക്കുന്തോറും വഴി ഇടുങ്ങി വരുന്നത് ഞാൻ അറിഞ്ഞു ....
ഒടുവിലത് അടഞ്ഞു ...

സാരി സെക്ഷന് മുന്നിലെ തിരക്കിനിടയിൽ ഒരു ഗ്യാപ്പ് സൃഷ്ടിച്ച് എന്നെ ഭാര്യയെയും അതിൽ ഫിറ്റ് ചെയ്ത് അവൾ അപ്രത്യക്ഷയായി ....

സ്ഥലകാലബോധം വീണ്ടു കിട്ടിയ ഞാൻ നേരെ നോക്കി.....
ചുറ്റും തിരിഞ്ഞുനോക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ... തിരിയാൻ പറ്റണ്ടേ ...
പിന്നിൽ നിന്നും വശങ്ങളിൽ നിന്നും ആളുകൾ തിക്കിത്തിരക്കുന്നു .....

മേശമേൽ തുടർച്ചയായി വിടർന്നു വീണു കൊണ്ടിരിക്കുന്ന സാരികൾ ...

പല നിറങ്ങൾ .....

പലതരങ്ങൾ .....

പല വിലകൾ ......

...ആ മൂന്നാമത്തെ തട്ടിലെ ചുവപ്പുസാരി എടുക്കു .... അതല്ല .... മറ്റേത് ... ആ പച്ചയുടെ അപ്പുറത്തുള്ള കസവ് ഉള്ളത് .... ദാ .. ഇതിന്റെ കോട്ടൺ വെറൈറ്റി ഉണ്ടോ .... ഓ.... ഇതത്ര പോര .... ആ താഴത്തെ തട്ടില് കോർണറിൽ മടങ്ങിയിരിക്കുന്ന പച്ച സാരി നോക്കട്ടെ ......

എന്നിങ്ങനെ പലതരം ചോദ്യങ്ങൾ പാറിപ്പറക്കുന്നു ...

എന്റെ ഭാര്യയുടെ വകയുമുണ്ടായി ചില ചോദ്യങ്ങൾ ....

*ഇപ്പോൾ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് മുമ്പേ തയ്യാറാക്കിയ ഉത്തരങ്ങളുമായി സെയിൽസ് ഗേളും രംഗത്തുണ്ട് ....*

" ചേച്ചിക്കിത് നന്നായി ചേരും .... ഇത് പ്രീമിയം മോഡലാണ് ... കളറുള്ളവർക്ക് നല്ല ചേർച്ചയാണ് ഇത്തരം സാരി ... നല്ല മൂവിംഗ് ഉള്ള ഐറ്റമാണ് .. പരസ്പരത്തിലെ ദീപ്തി ഉടുത്ത മോഡലാണ് ... "

തുടങ്ങി സെയിൽസ് ഗേളിന്റെ പുകഴ്ത്തൽ പുരട്ടിയ മറുപടികൾ കേൾക്കാമായിരുന്നു ...

ഞാൻ ഒന്നും ചെയ്യാനില്ലാതെ വെറുതെ നിൽക്കുന്നത് കണ്ടിട്ടാവണം ആ പെൺകുട്ടിയുടെ മുഖത്ത് ഇടയ്ക്കിടെ ചിരി തെളിഞ്ഞു മാഞ്ഞു ....

ചമ്മൽ മറയ്ക്കാനായി ഞാൻ മേശമേൽ വിരിച്ചിട്ടതിൽ നിന്ന് ഒരു സാരിത്തുമ്പ് പൊക്കി ഭാര്യയോട് ചോദിച്ചു ....

" ദേ ... ഇതു നോക്കിയേ കൊള്ളാമെന്ന് തോന്നുന്നു .. നല്ല ഡിസൈൻ ... "

അപ്പോഴേക്കും കൗണ്ടറിൽ നിന്ന സെയിൽസ്ഗേൾ പെട്ടെന്ന് ആ സാരിയിൽ പിടിച്ചു വലിച്ചെടുത്തു.....

ഞാൻ അമ്പരന്നു നിൽക്കെ അവളാ സാരിത്തലപ്പ് വകഞ്ഞെടുത്ത് അരയിൽ കുത്തി ....

അതു ശരി .... ഇതവൾ ഉടുത്തിരുന്ന സാരിയാണ് ...

സകല സാരീം വലിച്ചു വാരി ഡിസ്പ്ലേ ചെയ്യുന്നതിനിടെ അറിയാതെ സ്വന്തം സാരിത്തലപ്പും പെട്ടുപോയതാവണം ....

ദേഷ്യം കൊണ്ട് സെയിൽസ് ഗേളിന്റെ മുഖം ചുവന്നു തുടുത്ത് അഗ്നിഗോളമായി മാറുന്നത് ഞാൻ കണ്ടു....

ചമ്മി തിരിഞ്ഞു നോക്കുമ്പോൾ ഭാര്യ നിന്ന സ്ഥാനത്ത് അതാ വേറൊരു അഗ്നിഗോളം ...


*രണ്ട് അഗ്നിഗോളത്തിനിടയിൽ പെട്ട ഐസ്കട്ട ഉരുകുന്നതിന്റെ ശാസ്ത്രീയ തത്ത്വം അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്...*

എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായിരുന്നു എനിക്ക് ....

" ഞാനിപ്പോ വരാം ... "
എന്നു പറഞ്ഞ് ഞാൻ പിന്തിരിയാൻ നോക്കി ....

അപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത് ....

*ഞാനിപ്പോ പഴയ ഞാനല്ല ... അഭിമന്യു ആണ് അഭിമന്യു ...*

പുറത്തു കടക്കാൻ വഴി അറിയാത്തവൻ .....

സ്ത്രീകൾ ഒരുക്കിയ ഒരു ചക്രവ്യൂഹത്തിനകത്താണ് ഞാൻ ...

അപ്പോഴാണ് കണ്ടത് വായുവിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഒരു കൈ .....

കൈയിൽ ഒരു സാരിയുമുണ്ട് ...

ഞാൻ നോക്കിനിൽക്കവെ ആ കൈ പതിയെ ആൾക്കൂട്ടത്തിന് പുറത്തേക്ക് ഒഴുകി നീങ്ങാൻ തുടങ്ങി ...

പർച്ചേസ് കഴിഞ്ഞ സാരി കാഷ് കൗണ്ടറിലേക്ക് ഏതോ സെയിൽസ് ഗേൾ കൊണ്ടു പോകുന്നതാണ് .....

*ശിശുവായ മഹേന്ദ്ര ബാഹുബലിയെ ഒരു കൈയിൽ ഉയർത്തിപ്പിടിച്ച് നദിയിലൂടെ ഒഴുകിപ്പോകുന്ന രാജമാതാ ശിവകാമിയുടെ ചിത്രമാണ് അത് ഓർമ്മിപ്പിച്ചത് ....*

ഏതാനും സെക്കന്റുകൾ മാത്രം നിലനിന്ന ആ ഗ്യാപ്പിലൂടെ ഞാൻ പുറത്തേക്ക് കുതിച്ചു .....

ആ പോയ പോക്കിൽ ഒരു ചേച്ചി കൈമുട്ട് കൊണ്ട് എന്റെ കൂമ്പിനൊന്ന് താങ്ങി ....
അറിയാതെയാണ് ...
എന്നാലും നൊന്തു ..

*അതുപോലെ തിരിച്ചു കൊടുക്കാൻ അറിയാഞ്ഞിട്ടല്ല .....*

*കൊടുത്താൽ ചിലപ്പോ രാത്രി ഡിന്നർ സൂപ്പർതാരത്തിന്റെ കൂടെയാവും ....*

*നിയമങ്ങൾ അങ്ങനെയാണ് ...*

ഒരുവിധം പുറത്തു കടന്നു .....

ഗ്ലാസ് ഡോർ കടന്നു പുറത്തു വന്ന എന്നെ കണ്ട് കസേരകളിൽ നിരന്നിരുന്ന പുരുഷകേസരികളുടെ മുഖത്ത് സഹതാപച്ചിരി വിടർന്നു.....

ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടായിരുന്നോ എന്ന മട്ടിൽ ....

ഒരാൾ ബാഗ് അൽപം ഒതുക്കി എനിക്കിരിക്കാൻ സ്ഥലം തന്നു ....

ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും ചെയ്യുന്നതു പോലെ ഒരു രക്ഷപെടലിനായി ഞാൻ മൊബൈൽ എടുത്തു .....

" 1947 "

അടുത്തിരുന്ന ആൾ പറഞ്ഞു...

" എന്താ ...?? "

ഞാൻ അമ്പരപ്പോടെ ചോദിച്ചു..

" ഫ്രീ വൈഫൈയുടെ പാസ് വേർഡ് ... .... ഇനി അത് ചോദിക്കാൻ അകത്തേക്ക് പോവണ്ടാന്ന് കരുതി പറഞ്ഞതാ ..."

അയാൾ പറഞ്ഞു ....

*1947 .... നമുക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം .... ഒരു തുണിക്കടയുടെ വൈഫൈക്ക് ഇടാൻ പറ്റിയ പാസ് വേർഡ് .....*
😜😜😜😜😜😜😜

അതിനിടെ അപ്പുറത്തിരിക്കുന്ന വേറൊരു ചേട്ടൻ ...

" ആരുടെയെങ്കിലും കയ്യിൽ *ബ്ലൂവെയ്ൽ* ഗെയിം ഉണ്ടോ ...."

പാവം അത്രയ്ക്ക് മടുത്തിട്ടുണ്ടാവും ...
😂😂😂😂😂😂😂