Google Ads

Wednesday, August 16, 2017

മഹാസിദ്ധൻ

നല്ല ഒഴുക്കുള്ള ഒരു പുഴ; ഇക്കരെയുള്ള പത്തുപേർക്ക് മറുകരയെത്തണം. ഒഴുക്കിനെ പ്രതിരോധിച്ചുകൊണ്ട് കൂട്ടമായി മുന്നേറി അപ്പുറത്തെത്തണം; ഈ ചിന്തയിൽ പരസ്പരം സഹായിച്ചുകൊണ്ട് അവർ പുഴയിലിറങ്ങി, വളരെ ശ്രദ്ധിച്ച് മുന്നേറി അവസാനം മറുകരയെത്തി.

അവിടെയെത്തിക്കഴിഞ്ഞ് എല്ലാവരും എത്തിയെന്നുറപ്പുവരുത്താനായി അംഗങ്ങളെ എണ്ണിനോക്കി; അയ്യോ, ഒൻപതുപേരെയുള്ളൂ. ഒരാൾ എവിടെപ്പോയി; മറ്റൊരാൾ വീണ്ടും എണ്ണിനോക്കി. അപ്പോഴും ഒൻപതുതന്നെ. ഒരാളെ നമുക്ക് ആ ഒഴുക്കിൽ നഷ്ടമായിരിക്കുന്നു; എല്ലാവർക്കും അതു വലിയ ദുഃഖമായി.

ആ സമയത്താണ് ഒരു വഴിപോക്കൻ അതുവഴി വന്നത്; ദുഃഖിക്കുന്നവരോട് കാര്യം തിരക്കി. ഒരാളെ നഷ്ടമായിരിക്കുന്നു. അദ്ദേഹം ആളുകളെ എണ്ണിനോക്കി; അത്ഭുതം, പത്തുപേരുണ്ട്. വീണ്ടും എണ്ണിനോക്കി ഉറപ്പുവരുത്തി; പത്തുപേർ തന്നെ! അവരോട് വിവരം പറഞ്ഞു; പക്ഷേ അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അദ്ദേഹം ഒരു വടിയെടുത്ത് ഓരോരുത്തരുടെ ശരീരത്തിലും ഓരോ അടികൊടുത്ത് എണ്ണാൻതുടങ്ങി. അവസാനം പത്താമനെയും വടികൊണ്ടടിച്ച് എണ്ണിത്തീർത്തു.

ആളുകൾക്ക് സന്തോഷമായി; അവർ ആ വഴിപോക്കനെ ഇങ്ങനെ പുകഴ്ത്തി: "ഇദ്ദേഹം മഹാസിദ്ധൻ; നമുക്ക് നഷ്ടപ്പെട്ട ആളെ അദ്ദേഹം നമുക്ക് തിരിച്ചുതന്നിരിക്കുന്നു." ഇതുകേട്ട അയാൾ ഒന്നും മിണ്ടാതെ, മുഖത്ത് ഒരു പുഞ്ചിരിയുമായി അവിടെനിന്നും നടന്നുപോയി.

സത്യത്തിൽ അവർക്ക് നഷ്ടപ്പെട്ടിരുന്നോ; ഇല്ല. ആ വഴിപോക്കൻ നഷ്ടപ്പെട്ടയാളെ എവിടെനിന്നെങ്കിലും കൊണ്ടുവന്നതാണോ; അല്ല. പിന്നെയോ; അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. നോക്കേണ്ടതുപോലെ നോക്കിയില്ല; ഒരു ഭ്രമംകൊണ്ട് നഷ്ടപ്പെട്ടുവെന്നുകരുതിയതാണ്, ഇല്ലെന്നു കരുതിയതാണ്. ഫലമോ അവർക്ക് കുറച്ചുസമയത്തേക്കെങ്കിലും വലിയ ദുഃഖം അനുഭവിക്കേണ്ടതായിവന്നു.

നമുക്ക് ബാഹ്യമായ എല്ലാം ഉണ്ട്; പക്ഷേ ഇതിനിടയ്ക്ക് നാം നമ്മെ മറന്നു, നമുക്ക് നമ്മെ നഷ്ടപ്പെട്ടു. ആധുനികശാസ്ത്രം ബാഹ്യമായി പല കണ്ടുപിടുത്തങ്ങളും നടത്തി; എന്നാൽ ആവശ്യം വേണ്ടിയിരുന്ന അവനവനെക്കുറിച്ചുള്ള അന്വേഷണം മാത്രം നടത്തിയില്ല. ഫലമോ; എല്ലാം ഉണ്ടായിട്ടും സമാധാനം ഉണ്ടായില്ല; പുറമേയ്ക്ക് എല്ലാം നേടുമ്പോഴും അകമേയ്ക്ക് എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

അവനവനിലേക്ക് ഒരു തിരിച്ചുനടത്തമാണ് നമുക്ക് ഏറ്റവും അവശ്യം വേണ്ടത്; ഇനിയും അതിനു തുനിഞ്ഞില്ലെങ്കിൽ നമ്മുടെ ജീവിതം തികച്ചും വ്യർത്ഥമായിപ്പോകും. അതിനാൽ "തന്നെ" ഒന്നു കാര്യമായി ശ്രദ്ധിക്കുന്നതിലേക്കാവട്ടെ ഇനിയുള്ള ശ്രമങ്ങൾ!