1955 ഏപ്രിൽ 12
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന് അമേരിക്ക വിളിച്ചുകൂവിയ ദിനം.
ഡോ. ജോനാസ് സാൽക്ക് വികസിപ്പിച്ചെടുത്ത പോളിയോ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ സുദിനം.
ജനങ്ങൾ അമേരിക്കൻ തെരുവുകളിൽ നൃത്തം ചെയ്തു കെട്ടിപ്പിടിച്ചു.
കാറുകൾ നിർത്താതെ ഹോൺ അടിച്ചു.
ഫാക്ടറികൾ ആഹ്ളാദ സൈറൻ മുഴക്കി.
സ്ക്കൂളുകളിൽ കുട്ടികളും അധ്യാപകരും പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി.
പോളിയോ വാക്സിൻ കണ്ടുപിടിച്ച ഡോ.ജോനാസ് സാൽക്ക് ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോയായി.
അമേരിക്കയുടെ കൺകണ്ട ദൈവമായി.
ടൈം മാഗസിൻ മുഖച്ചിത്രമായി.
ഒരു വാക്സിൻ കണ്ടൂപിടിച്ചതിൽ ഇത്ര ആഹ്ളാദിക്കാൻ എന്തിരിക്കുന്നുവെന്ന് ഇന്ന് നമുക്ക് തോന്നിയേക്കാം..!
1952ൽ 58000 അമേരിക്കക്കാർക്ക് പോളിയോ ബാധിച്ചു.
21000 പേർ ശരീരം തളര്‍ന്ന് കിടപ്പിലായി.
3000 ആളുകൾ മരിച്ചു.
അമേരിക്ക അക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകർച്ചവ്യാധിയായിരുന്നു പോളിയോ.
മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിർന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്ലാങ്ക്ളിൻ ഡി റൂസ് വെൽറ്റിന് മുപ്പതിഒൻപതാം വയസ്സിൽ പോളിയോ പിടിപെട്ടു.
ശരീരത്തിൻറെ പകുതി തളർന്നുപോയ അദ്ദേഹത്തിൻറെ പിൽക്കാല ജീവിതം മുഴുവൻ വീൽച്ചെയറിലായിരുന്നു.
സമ്മർ സീസണായ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായിരുന്നു അമേരിക്കയിൽ പോളിയോ പടർന്നുപിടിച്ചിരുന്നത്.
ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയിൽ പോളിയോ എന്ന് കേൾക്കുമ്പോൾ തന്നെ അമേരിക്ക ഞെട്ടിവിറച്ചിരുന്നു.
അതിസമ്പന്ന അമേരിക്കയിലെ അവസ്ഥ ഇതാകുമ്പോൾ മറ്റ് രാജ്യങ്ങളുടെ കാര്യം വെറുതെ ഊഹിച്ചാൽ മതിയല്ലോ..!
1953 മാർച്ച് 26 നാണ് പോളിയോയ്ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ വെറൽ ലാബ് മേധാവിയായിരുന്ന ജോനാസ് സാൽക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു ദിവസം '48 മണിക്കൂർ എന്ന കണക്കിൽ അനേകം മാസങ്ങൾ' ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ ഗഷേഷണ തപസ്സിൻറെ സദ്ഫലം.
വാക്സിൻ ജോനാസ് സാൽക്ക് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലുമാണ് ആദ്യം പരീക്ഷിച്ചത്.
1954ൽ വാക്സിൻറെ ക്ളിനിക്കൽ ട്രയൽ ആരംഭിച്ചു.
18 ലക്ഷം അമേരിക്കൻ സ്ക്കൂൾ കുട്ടികളിൽ വാക്സിൻ കുത്തിവച്ചു.
മൂന്നരലക്ഷത്തോളം ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ സന്നദ്ധ സേവകർ എല്ലാവരും ചേര്‍ന്ന് ഒരേ മനസ്സോടെ ഒത്തുചേർന്നൊരു മഹായജ്ഞമായിരുന്നു ഈ ക്ളിനിക്കൽ ട്രയൽ.
അമേരിക്കൻ സർക്കാരിൽ നിന്നോ മരുന്നുകമ്പനികളിൽ നിന്നോ യാതൊരു ധനസഹായവും കൈപ്പറ്റാതെ പൂർണ്ണമായും പൊതുജനങ്ങളുടെ ഡൊണേഷൻ കൊണ്ടാണ് ഈ പരീക്ഷണങ്ങളെല്ലാം നടന്നത്.
പോളിയോയുടെ ഇരയായ ലോകത്തിലെ ഏറ്റവും പ്രശസ്ത മനുഷ്യനായിരുന്ന പ്രസിഡന്റ് റൂസ് വെൽറ്റ് സ്ഥാപിച്ച The National Foundation for Infantile Paralysis എന്ന ചാരിറ്റബിൾ ഓർഗനൈസേഷനാണ് വാക്സിൻ ഗവേഷണ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിച്ചത്.
മാതാപിതാക്കൾ സ്വമേധയാ കുട്ടികളുമായി മുന്നോട്ടുവന്ന് വാക്സിൻ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു.
അത്രയ്ക്കായിരുന്നു അക്കാലത്ത് അമേരിക്കയിലെ പോളിയോഭീതി.
കുത്തിവയ്പെടുത്ത 40000 കുട്ടികളുടെ രക്തസാമ്പിളുകൾ പരിശോധിക്കപ്പെട്ടു.
ഫലം വന്നു.
ജോനാസ് സാൽക്കിൻറെ മുന്നിൽ
പോളിയോ വൈറസ് തോറ്റടിയറവു പറഞ്ഞു.
ശാസ്ത്രം ജയിച്ചു രോഗം തോറ്റു.
പോളിയോ വാക്സിൻറെ പേറ്റൻറ് വേണ്ടെന്ന് പറഞ്ഞ ഡോ. ജോനാസ് സാൽക്ക് ശാസ്ത്രത്തിൻറെ മാനവിക മുഖമായി മാറി.