Google Ads

Tuesday, January 30, 2018

പ്രതീക്ഷ

മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ല്‍ അര്‍മേനിയയില്‍ ഉണ്ടായത് .
നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വതും നശിച്ചു .
ദുരന്തം പത്തിവിടര്‍ത്തിയാടുന്ന ആ അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെത്തേടി അവന്‍ പഠിച്ചിരുന്ന സ്കൂളിലെക്കോടി .
തകര്‍ന്നു വീണു കിടക്കുന്ന സ്കൂള്‍ കെട്ടിടമാണ് അയാള്‍ അവിടെ കണ്ടത് .
അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തു.
എങ്കിലും മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാള്‍ തീരുമാനിച്ചു .
മകന്റെ ക്ലാസ്റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ എടുത്തു മാറ്റാന്‍ തുടങ്ങി .
അയാളുടെ പ്രവൃത്തി കണ്ടു അവിടെ കൂടി നിന്ന പോലീസ്‌ അധികാരികള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
"വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.എല്ലായിടത്തും തീ പടര്‍ന്നിരിക്കുന്നു . പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു . . നിങ്ങള്‍ രക്ഷാ സങ്കേതത്തിലേക്ക് പോകു .അതെ ഇനി മാര്‍ഗ്ഗമുള്ളൂ "

പക്ഷെ അയാള്‍ പിന്മാറിയില്ല .
"എന്നെ സഹായിക്കാന്‍ നിങ്ങള്‍ തയ്യാറാണോ .എങ്കില്‍ ഇവിടെ വന്നു എന്റെ മകനെ കണ്ടു പിടിക്കാന്‍ സഹായിക്കൂ .എന്റെ മകനെ കാണാതെ ഞാന്‍ ഇവിടെ നിന്ന് എങ്ങോട്ടുമില്ല "
അയാള്‍ അവരോടു പറഞ്ഞു .
എന്നാല്‍ പോലീസ്‌ അധികാരികള്‍ അവിടെ നിന്നില്ല .
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും
രക്ഷാസങ്കേതങ്ങളിലേക്കോടി.
ആരുടേയും സഹായമില്ലാതെ അയാള്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു .
ആ തെരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും തന്റെ മകനെ കണ്ടെത്തുവാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല .
എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചില്‍ തുടര്‍ന്നു.
തെരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം കേട്ടു.

അയാള്‍ മകനെ ഉറക്കെ വിളിച്ച
"അര്‍മാന്‍ഡ്!"
ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു
ഡാഡീ!! ഡാഡീ!!
നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ മകനും അവന്റെ പതിമൂന്നു കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി .
ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു .
അങ്ങനെയാണ് അവന്റെ പതിമൂന്നു കൂട്ടുകാര്‍ക്കും രക്ഷപെടാന്‍ സാധിച്ചത് .

പക്ഷെ ഭൂകമ്പത്തില്‍ പ്പെട്ട് മുപ്പത്തിയെട്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത് ??
വിശപ്പും ദാഹവും ഭയവും എല്ലാം ചേര്‍ന്ന് ആ കുഞ്ഞുങ്ങള്‍ തകര്‍ന്നു പോകേണ്ടാതായിരുന്നതല്ലേ ??
ഈ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു :

"എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു .എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചു വരുമെന്നും
അങ്ങനെ അന്വേഷിച്ചു വരുമ്പോള്‍ എല്ലാവര്‍ക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു .
എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു .ഒരിക്കല്‍ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സാഹായിക്കാന്‍ എത്തുമെന്ന് .
എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്"

പിതൃ പുത്ര ബന്ധത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......
പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ മഹത്തായ നിമിഷങ്ങള്‍ .....
അര്‍മേനിയയിലെ ഭൂകമ്പം പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചുവെങ്കിലും ഒരു നിറകണ്‍ചിരിയായി അര്‍മാന്‍ഡും പിതാവും ഇന്നും ജീവിക്കുന്നു .......