"സാന്മാര്‍ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തികള്‍ നിലനില്‍ക്കും. രാജസമായ നേട്ടങ്ങള്‍ അല്‍പകാലത്തേക്കു മാത്രമേ വാഴുകയുള്ളു. അവയൊക്കെ പൊളളയാണ്. രാവണന്റെ വൈഭവങ്ങള്‍ ആര്‍ക്കെങ്കിലും വര്‍ണ്ണിക്കാന്‍ കഴിയുമോ? ആഴമേറിയ ഏകാഗ്രതയും മനോദാര്‍ഢ്യവും പ്രതിഫലിപ്പിച്ച തീവ്രതപസ്സുമൂലം ദേവന്മാരെപ്പോലും പരാജയപ്പെടുത്തിയ എത്ര ഉഗ്രമായ ശക്തിയാണ് ആ രാവണന് അധീനമായിരുന്നത്. അന്ത്യത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനും ആ വൈഭവങ്ങള്‍ക്കും എന്തു സംഭവിച്ചു? അഹന്തയെ പരിത്യജിക്കാന്‍ പഠിക്കുക."
"നിര്‍വികല്‍പസമാധിയില്‍ പരമോല്‍കൃഷ്ടമായ സത്യാനുഭൂതി നേടിയാല്‍പോലും തികഞ്ഞ ജ്ഞാനി ഈശ്വരനെ കൂപ്പുകൈകളോടെ ആരാധിക്കുന്നു. ജ്ഞാനി ആറുമാസം പ്രായമുള്ള ഒരു ഇളംകുഞ്ഞിനെപ്പോലെ അഹന്തയറ്റവനും ഇച്ഛയില്ലാത്തവനും നിഷ്‌ക്കളങ്കനും ആണ്. വിജ്ഞാനവും വിനയവും എപ്പോഴും ഒന്നിച്ചാണ് വര്‍ത്തിക്കുക."
"പ്രേമത്തിന്റെ ഉറവ പൊട്ടി ഉയരുന്നതുവരെ ഭക്തി ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയേ തീരൂ. മറ്റുള്ളവരുമൊത്തു കഴിയുമ്പോഴും ഏകാന്തമായി കഴിയുമ്പോഴും നിങ്ങള്‍ ഈശ്വരനുമായി ബന്ധപ്പെട്ടിരിക്കണം. അതിന് പ്രയത്‌നം ആവശ്യമാണ്. വീഴ്ചകള്‍ വന്നെന്നു വരാം. എങ്കിലും പരിശ്രമം തുടരണം. വിജയം തീര്‍ച്ചയായും വരാതിരിക്കില്ല. ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ ദര്‍ശനത്തിനെന്നപോലെ ഈശ്വരനുവേണ്ടി നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കണം. നിങ്ങള്‍ക്കും ഈശ്വരനും ഇടയില്‍ പൊരുത്തമില്ലാത്ത ചിന്തകളും താല്‍പര്യങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം.".