Google Ads

Saturday, April 9, 2022

വിഗ്രഹം

വിഗ്രഹം എന്ന വാക്കിന്റെ അർത്ഥമോ അതിന്റെ താൽപര്യമോ അറിയാത്ത ആളുകൾ ആണ് സിംഹത്തിന്റെ പ്രതിമ ചിരിക്കുമോ ഉപദ്രവിക്കുമോ തുടങ്ങിയ അബദ്ധ ജടിലവും, യുക്തി രഹിതവും, സാധാരണക്കാരിൽ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
വിഗ്രഹം എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ് വിഗ്രഹം എന്നർത്ഥം. ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്.

നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും  ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്. ദിക്ക് വിഗ്രഹമാണ്, ഈശ്വരനാമം എഴുതിയ കടലാസും തുണിയുമൊക്കെ നമ്മൾ അതിനെ ആദരിക്കുമ്പോൾ, വണങ്ങുമ്പോൾ വിഗ്രഹങ്ങളാണ്. ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ്  താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം.

ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ് വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു ചിത്രം കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ രാജാവ് അത് തന്റെ അച്ഛന്റെ ചിത്രം ആണെന്നു പറഞ്ഞു. സ്വാമിജി ആ ചിത്രത്തിലേക്ക് തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ചിത്രം ആണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു.

സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ചിത്രം അല്ലേ  അച്ഛനല്ലല്ലോ"?

രാജാവ് പറഞ്ഞു ചിത്രം ആണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു. ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക് ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി.

ക്ഷേത്രത്തിന് പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം. അത് ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല, മാത്രമല്ല തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.

വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല". ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌ പറഞ്ഞു കൊടുക്കേണ്ടത്.

*തത്ത്വമസി* 

അർച്ചന

🌹🌹🌹🌹🌹

ഒരു പ്രധാനക്ഷേത്രത്തിൽ ചെന്ന് നാം അർച്ചനക്കായുള്ള ഒരു ചീട്ടെടുക്കുമ്പോൾ, അതുകൊണ്ടുപോയി നടക്കൽ കൊടുക്കുവാൻ പറയും.

നടക്കൽ ചെന്നാൽ ചിലപ്പോൾ അവിടെനിന്ന് പൂവും ചന്ദനവും ഒരു മിനിറ്റിനുള്ളിൽ തരും.. അല്ല എങ്കിൽ പ്രസാദം മേടിക്കുന്ന സ്ഥലത്തു കൊടുക്കുവാൻ പറയും.. അവിടെ കൊടുത്താലും അവിടെ വച്ചിരിക്കുന്ന പൂവും ചന്ദനവും അല്ലെ തുളസിയിലയോ ഒരു വാഴയിലയിൽ പ്രസാദമായി കൈയിലേക്ക് തരും. ശരി ഇനി നിങ്ങൾ സ്വയം ചോദിക്കു എന്തിനാണ് നിങ്ങൾ ചീട്ടെടുത്തത്.  അർച്ചനക്കോ, പുഷ്പാഞ്ജലിയ്ക്കോ, സൂക്തമോ , എന്തിനായാലും പ്രസാദം ഇതു തന്നെയാണ് തരുന്നത്....

അങ്ങിനെ ആണെങ്കിൽ എന്താണ് അർച്ചനയുടെ അര്ഥം..?

എന്തിനാണ് നമ്മൾ പ്രത്യേകം അർച്ചനക്കുള്ള ചീട്ടെടുക്കുന്നത്.. ?

എല്ലാം ഒന്നാണെങ്കിൽ എന്തിനാണ് പ്രത്യേകം പ്രത്യേകം പേരിൽ ചീട്ടെടുക്കുന്നത്..?

അര്‍ച്ചന എന്നതിന്റെ അര്‍ഥം ഇതാണ്..

അകാരം ജലപുഷ്പം ച
ചകാരം ധൂപധീപകം
നകാരം സ്നാനനൈവേദ്യം
അർച്ചനാ ശംപദുച്യതേ.

എന്നുവച്ചാൽ ഭഗവാനെ ജലം പുഷ്പം ധൂപം ദീപം സ്നാനം നൈവേദ്യം ഇവ കൊണ്ട് പൂജിക്കുന്നതുകൊണ്ടാണ് അർച്ചനയെ മംഗളമായി കരുതുന്നത് എന്നര്‍ത്ഥം...

നാം അർച്ചനക്ക് ചീട്ടെടുക്കുമ്പോൾ ഭഗവാനെ ഇങ്ങിനെ 6 തരത്തിൽ അർച്ചന ചെയ്ത് ആ പ്രസാദം തരുവാനാണ് നാം യഥാർത്ഥത്തിൽ പറയുന്നത്..

എത്ര പേര് ഇത് അറിഞ്ഞ് ഇത് ചെയ്യുന്നുണ്ട്.

എന്തിനാണ് പുഷ്പാഞ്ചലി, നീരാഞ്ജനം, നൂറും പാലും, ഗുരുതിപുഷ്പാഞ്ജലി, ശത്രുസംഹാരപുഷ്പാഞ്ജലി ഇവ കഴിക്കുന്നത്..?

ഇവ ഒക്കെ തമ്മിലുള്ള വ്യത്യാസം എന്താണ്..?

അതിന്റെ ഫലസിദ്ധി എന്താണ്...?

ചെയ്യുന്നവരേക്കാൾ ചെയ്യുന്ന കര്‍മത്തെ കുറിച്ച് അറിയണ്ടവർ ചെയ്യിപ്പിക്കുന്നവരാണ്..

നാം ചെയ്യുന്ന വഴിപാടുകൾ എന്തുമാകട്ടെ അത് എന്താണ് എന്തിനാണ് എന്ന് നാം അറിയുക തന്നെ വേണം..

നമ്മുടെ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ക്ഷേത്രവും ക്ഷേത്രാചാരങ്ങളും...

അതുകൊണ്ട് ഇനി ക്ഷേത്രങ്ങളിൽ പൂജാദികാര്യങ്ങൾക്ക് ചീട്ടെടുക്കുമ്പോൾ തീര്‍ച്ചയായും എന്തിനാണ് ആ പൂജ എന്ന് തിരുമേനിയോടു ചോദിക്കാൻ ശ്രമിക്കു... 🙏🙏🙏 

Saturday, March 12, 2022

അനിയനും ചേട്ടനും

തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍.
 പുറത്തിറങ്ങിയപ്പോള്‍ കനത്ത മഴ. കഴക്കൂട്ടം കടന്നു പോകണം എനിക്ക്. മഴയത്ത് നനഞ്ഞു നില്‍ക്കുന്ന ഓട്ടോകളില്‍   ഒരെണ്ണം ഒഴികെ എല്ലാം കുട പിടിച്ച് ഓടിച്ചു പോയി. ശേഷിച്ച ഓട്ടോയില്‍ നിന്നും അതിന്‍റെ പൈലറ്റ് പ്രതീക്ഷയോടെ നോക്കുന്നത് മഴയിലൂടെ കാണാം. 

കുറച്ചു ദിവസം മുന്‍പ് ഇവിടെ ഇറങ്ങിയപ്പോള്‍ ഒരു പഴഞ്ചന്‍ ടാക്‌സി കണ്ടിരുന്നു. ഉള്ളില്‍ ചന്ദനത്തിരിയും പൂക്കളും ദൈവരൂപങ്ങളും എല്ലാം ഉള്ള ഇരിപ്പിടം പിഞ്ഞിയ ഇത്തിരി പതിയെ ഓടുന്ന പഴയൊരു അമ്പാസിഡര്‍..   ഓടാനുള്ള കരുത്തുണ്ടെങ്കില്‍ എനിക്ക് അത്തരം കാറുകളില്‍ ചെറിയ ദൂരമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടമാണ്. ഇന്നെന്തോ ആ കാറ് അവിടെ കാണാനില്ല. അതും ഓട്ടം പോയിരിക്കാം. ഒരു സാധു മനുഷ്യനാണ് അന്ന് അത് ഓടിച്ചിരുന്നത്. അന്ന് മഴയില്ലായിരുന്നു.

ഓട്ടോക്കാരന്‍ എന്നെ തന്നെ നോക്കുന്നുണ്ട്. മഴയാണെങ്കില്‍ എന്നെയും ബാഗും ഓട്ടോയും തിരുവനന്തപുരവും എല്ലാം നനക്കുന്നുണ്ട്. അടുത്തൊന്നും നിലക്കുന്ന പ്രശ്‌നമില്ല. 

ആ ഓട്ടോയില്‍ പോയാലോ..
അത്രയും ദൂരം പോകണ്ടെ..
അതിനിടക്ക് ആ അമ്പാസിഡര്‍ വന്നാലോ..
അത്ര പഴയതായിട്ടും അതാരാ ഇവിടുന്ന് പെറുക്കി കൊണ്ടുപോയത്..
എന്നെപോലെ ആ കാറ് രസിച്ച മറ്റാരെങ്കിലും ഉണ്ടാവും..

ഞാന്‍ ഓട്ടോക്കാരനോട് ഉച്ചത്തില്‍ ചോദിച്ചു.
ടാക്‌സി ഒന്നും ഇല്ലേ.. ഇന്ന്..?
ഓട്ടോക്കാരന്‍ സത്യം പറഞ്ഞു.
മഴയല്ലേ.. ഓട്ടം പോയി.
ഉത്തരത്തോട് ചേര്‍ന്ന് അടുത്ത ചോദ്യം അയാളില്‍ നിന്നും വന്നു.
എങ്ങോട്ടാ..?

ഞാന്‍ സ്ഥലം പറഞ്ഞു. സമ്മതം പോലും ചോദിക്കാതെ അയാള്‍ ഓട്ടോ എനിക്കു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ബാഗെടുത്ത് അകത്ത് വെച്ചു. ഞാന്‍ കൂലി ചോദിച്ചു. അന്നത്തെ ടാക്‌സിയേക്കാള്‍ ഇരുനൂറ് രൂപ കുറവാണ്. എന്നാലും അത്രയും ദൂരം ഈ കനത്ത മഴയത്ത് പോകാന്‍ ഒരു മടി. നല്ല തിരക്കുള്ള ഹൈവേ.. വേണോ..
പക്ഷെ അയാള്‍ മഴ നനഞ്ഞു തന്നെ ഇറങ്ങി വന്ന് ഓട്ടോയുടെ വശങ്ങളിലെ നീല വിരിപ്പുകള്‍ താഴ്ത്തി. ഞാന്‍ അകത്തു കയറി. ഇരിപ്പിടം പാതിയില്‍ അധികം നനഞ്ഞിരിക്കുന്നു. അകത്ത് നല്ലപോലെ ചാറല്‍ അടിക്കുന്നു. നല്ല കുളിര്. തലയിലും കണ്ണടയിലും കൈകളിലും എല്ലാം വീശിയടിക്കുന്ന മഴ. ബാഗുകളും നനയുന്നു. സാരമില്ലെന്ന് മനസ്സ് പറഞ്ഞു. 
മഴയല്ലേ.. മഴ നനയാന്‍ ഉള്ളതല്ലേ..

അപ്പോഴാണ് അത് സംഭവിച്ചത്. ഓട്ടോ പുറപ്പെടുന്നതിന്നു മുന്‍പു തന്നെ എനിക്ക് ഇഷ്ടമുള്ള ആ ടാക്‌സി വന്നു. അതില്‍ കയറിയാലോ എന്നൊരു ചിന്ത എന്നില്‍ വന്നതും തീരെ പ്രതീക്ഷിക്കാതെ ആ സാധുവായ ടാക്‌സിക്കാരന്‍ മഴയത്ത് ഇറങ്ങി വന്ന്  അതിലും പാവത്താനായ ഓട്ടോക്കാരനോട് കയര്‍ത്തു.  ആ ഓട്ടം പോകേണ്ടെന്ന് പറഞ്ഞു. ഓട്ടോക്കാരന്‍ അത് ശ്രദ്ധിക്കുന്നില്ല. യന്ത്രം പ്രവര്‍ത്തിപ്പിച്ചു. സമ്മതിക്കില്ലെന്ന വാശിയോടെ ടാക്‌സിക്കാരന്‍ മഴ നനഞ്ഞുകൊണ്ടുതന്നെ ഹാന്‍ഡില്‍ പിടിച്ചു. പറ്റൂല.. നീ പോവണ്ട..

എനിക്കൊന്നും മനസ്സിലായില്ല. അതൊരു തൊഴില്‍ പ്രശ്‌നം ആണെന്നാണ് ഞാന്‍ കരുതിയത്. ടാക്‌സിക്കാരന്‍ എന്നോടും പറഞ്ഞു. സാറിനെ ഞാന്‍ കൊണ്ടുവിടാം. ഇതില്‍ പൊവണ്ട. ഇവന്‍ ചോദിച്ച പണം മതി. വീണ്ടും ടാക്‌സിക്കാരന്‍ എന്തൊക്കെയോ പറയുന്നതിനിടെ ഓട്ടോക്കാരന്‍ ബഹളം വെക്കാതെ ഒഴിഞ്ഞുമാറി ഓട്ടോ എടുത്ത് പതിയെ വിട്ടു. ഞാന്‍ നോക്കുമ്പോള്‍ ഓട്ടോയ്ക്കും വല്ല്യ വേഗതയൊന്നും ഇല്ല. അതും മഴയെ പേടിച്ച് പതിയെ ആണ് ഓടുന്നത്. എന്താണ് കാറുകാരന്‍റെ  പ്രശ്‌നം എന്ന് ഞാന്‍ ചോദിച്ചു. ഓട്ടോക്കാരന്‍ പറഞ്ഞ തിരുവനന്തപുരം ഭാഷയെല്ലാം എന്‍റെ  ചെവിയില്‍ വീഴ്ത്താതെ മഴ നനച്ച് നിലത്തിട്ടു. എനിക്കൊന്നും മനസ്സിലായില്ല.

മുക്കാല്‍ മണിക്കൂറില്‍ അധികം ഓടി എനിക്കിറങ്ങേണ്ട സ്ഥലം എത്തുമ്പോഴേക്കും മഴ ശമിച്ചിരുന്നു. ഓട്ടോയില്‍ നിന്നും ഇറങ്ങി പണം കൊടുക്കാന്‍ ഒരുങ്ങിയതും എന്നെ അമ്പരപ്പിച്ചുകൊണ്ട് ആ ടാക്‌സിയും എനിക്കരികില്‍ എത്തി. ഇത്രയും ഡീസല്‍ കത്തിച്ച് ഇയാളെന്തിനാ ഞങ്ങളുടെ പിറകെ വന്നത്..!! വന്നതും വീണ്ടും ടാക്‌സിക്കാരന്‍ ഓട്ടോക്കാരനോട് കയര്‍ക്കാന്‍ തുടങ്ങി. ഒഴിഞ്ഞുമാറി കൂസലില്ലാതെ ഓട്ടോക്കാരന്‍ പോവാന്‍ ഒരുങ്ങിയതും ടാക്‌സിക്കാരന്‍ അയാളെ തടഞ്ഞു വട്ടം പിടിച്ചു നിര്‍ത്തി എന്നോട് സങ്കടം പറഞ്ഞു.

'സാറേ.. ഇവന് നെഞ്ചിന് വയ്യ. ഓപ്പറേഷന്‍ കഴിഞ്ഞതാ. ഒന്നൊതുങ്ങണവരെ പണിക്ക് പോവണ്ടാന്ന് പറഞ്ഞാ കേക്കൂല. ഞാന്‍ പണിയെടുക്കണില്ലേ. അതീന്നെടുത്താലും ഇവന്‍റെ കുടുംബം കഴിയില്ലേ...?..'

എനിക്ക് ഉത്തരമില്ലായിരുന്നു. 
ഞാനാ ടാക്‌സിക്കാരന്‍ ഏട്ടനെ നിശ്ശബ്ദം നോക്കി നിന്നു.
പിന്നെ ഓട്ടോക്കാരന്‍ അനിയന്‍റെ നെഞ്ചിലെ നീളന്‍ മുറിവില്‍ പതിയെ ഒന്നു തൊട്ടു.
അനിയന്‍ പുഞ്ചിരിച്ചു. 
ഞാന്‍ ചോദിച്ചു.
തിരിച്ച് ഓട്ടം കിട്ട്വോ..?

'അതെങ്ങിനെയെങ്കിലും ഞാന്‍ ഒപ്പിക്കും. എന്നാ എന്‍റെ  പിന്നാലെ ഓടി വന്ന് ഏട്ടന്‍ ഉള്ള ഡീസലും തീര്‍ക്കും. എനിക്കതാ പേടി. '
 
അനിയന്‍റെ  ഉത്തരത്തിന് ഏട്ടനിലെ ഭീതിയകറ്റുന്ന കരുത്തുണ്ടായിരുന്നു. 
.............................................

സ്‌നേഹം നിറവുള്ളതാണെങ്കില്‍ അത് ഒരു മഴയിലും നനഞ്ഞു കുതിരില്ല. അത് സ്‌നേഹമില്ലായ്മയുടെ മഴ ചുറ്റും പെയ്യുന്നതേ അറിയില്ല..

അവരില്‍ ഭാഗ്യവാന്‍ ആരാണ്..
ചേട്ടനോ അനിയനോ..
ടാക്‌സിയോ.. ഓട്ടോയോ..
അതല്ല എല്ലാം കണ്ടു നിന്ന ഞാനോ..
മഴ ഉത്തരം തരട്ടെ ...

        *രഘുനാഥ്‌ പലേരി*

Sunday, March 6, 2022

ചിന്തകളും സംസ്ക്കാരവും ആണ് ഒരു മനുഷ്യനെ വലിയവനാക്കുന്നത്

*🔥നാം വഹിക്കുന്ന ഏറ്റവും ഭാരമേറിയത് നമ്മുടെ തലയിലെ ചിന്തകളാണ്.. നല്ല ചിന്തകളും സംസ്ക്കാരവും ആണ് ഒരു മനുഷ്യനെ വലിയവനാക്കുന്നത്. നമ്മുടെ ചിന്തകളാണ് നമ്മെ നയിക്കുന്നത്..വിജയകരമായ ജീവിതത്തിന് വേണ്ടതെപ്പോഴും വസ്തുനിഷ്ഠമായ ചിന്തകളാണ് ... നമുക്ക് വഴികാട്ടുന്നതെപ്പോഴും നല്ല ചിന്തകളും ഭാവനയുമാണ്... ജീവിതത്തെ കുറിച്ച് പോസിറ്റീവ് ആയ മനോഭാവം വച്ച് പുലർത്തിയാൽ , അത് നമുക്ക് ആത്മവിശ്വാസം പകർന്ന് തരും . നല്ല ചിന്തകൾ നന്മയാണ്, എന്നാൽ അനാവശ്യ ചിന്തകൾ നമ്മെ മനോരോഗിയാക്കി തീർക്കുന്നു .... വെളിച്ചം കൊണ്ട് ഇരുട്ടറ്റുന്നത് പോലെ നമ്മുടെ മനസ്സിൽ നിഷേധ ചിന്തകൾ ഇല്ലായ്മ ചെയ്യുന്നതിന് നല്ല ചിന്തകൾ മനസ്സിൽ ദൃഡമാക്കണം.. ഒരു നല്ല മനുഷ്യന്റെ ലക്ഷണം എന്നത് നല്ല ചിന്തയും, നല്ല വാക്കും, നല്ല പ്രവൃത്തിയുമാണ്.. നമ്മുടെ മനസ്സിലെ ചിന്തകളുടെ നിയന്ത്രണം നമുക്ക് തന്നെയാണ് അതിനാൽ സദ്ചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കു ..അങ്ങനെയായാൽ വ്യക്തികൾക്കോ, സാഹചര്യങ്ങൾക്കോ, നമ്മുടെ മനസ്സിനെ മലിനപ്പെടുത്താൻ കഴിയില്ല ... വളരെ ശക്തമായതാണ് നമ്മുടെ മനസ്സെന്നത് ..അവിടെ ശുഭചിന്തകൾ നിറച്ചാൽ ജീവിതം തന്നെ മാറി മറിയും....*
🔥🔥🔥🔥🔥🔥🔥🔥🔥
          *🙏ശുഭദിനം🙏* 

പൂന്താനം ഇല്ലത്തിന്റെ കാഴ്ചകൾ കാണാം

പൂന്താനം ദിനത്തിൽ നമുക്ക് പൂന്താനത്തിന്റെ  ഇല്ലത്തേക്ക് പോയാലോ . പൂന്താനം ഇല്ലത്തിന്റെ കാഴ്ചകൾ കാണാം🙏

ഇന്ന് പൂന്താനം ദിനം 06/03/2022

മലയാള സാഹിത്യത്തിനു പ്രധാന സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി കുംഭമാസത്തിലെ അശ്വതി നാളിൽ പൂന്താനം ദിനമായി ആചരിച്ചു വരുന്നു. എ.ഡി. 1547-നും 1640-നും മധ്യേ വള്ളുവനാട്ടിൽ ജീവിച്ചിരുന്ന പൂന്താനം ഒരു സംസ്കൃത ഭാഷാ പണ്ഡിതനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്നു. ഇദ്ദേഹത്തെ പ്രശസ്തനാക്കിയ കൃതിയാണ് ജ്ഞാനപ്പാന. ഈ കൃതിയിലെ സൂചനയനുസരിച്ച് ഗുരുവായൂർ ദേവസ്വമാണ് പൂന്താനം ദിനം ആചരിക്കുന്നത്. ഈ ദിവസം ജ്ഞാനപ്പാന പുരസ്കാര വിതരണം, കുട്ടികൾക്കായി ജ്ഞാനപ്പാന ആലാപന മത്സരം, സാംസ്കാരികോത്സവം എന്നിവ നടത്തിവരുന്നു. 

Thursday, March 3, 2022

പ്രകാശനം കഴിഞ്ഞ് അണഞ്ഞ് പോകുന്ന എഴുത്തുകാരും പുസ്തകങ്ങളും....

അരുതേ എഴുത്തുകാരാ വാരിക്കുഴിയിലേയ്ക്ക് ചാടരുതെ..
പ്രകാശനം കഴിഞ്ഞ് അണഞ്ഞ് പോകുന്ന എഴുത്തുകാരും പുസ്തകങ്ങളും....

പ്രസാധനമേഖലയിലെ തട്ടിപ്പുകളെ കുറിച്ചാണ് ഈ കുറിപ്പ്.അതില്‍ നിന്ന് എങ്ങനെ രക്ഷ നേടാമെന്നും...
എഴുതി തുടങ്ങുന്നവരുടെയും എഴുതി തെളിഞ്ഞവരുടെയും ഏറ്റവും വലിയ സ്വപനമാണ് തങ്ങളുടെ എഴുത്തുകള്‍ അച്ചടി മഷി പുരണ്ട് പുസ്തക രൂപത്തിലിറങ്ങണമെന്നുള്ളത്.ആ മോഹം ഇവരെ കൊണ്ടെത്തിക്കുന്നത് കൂണുപോലെ മുളച്ചു പൊന്തുന്ന ചില തട്ടിക്കൂട്ട് പ്രസാധക മാഫിയകളിലേക്കാണ്. അതിനായി ഇവര്‍ വിവിധ ന്യൂജെന്‍ പേരുകളില്‍ ഫേസ്ബുക്ക് പേജുകളിലും വാട്സ്പ്പ് ഗ്രൂപ്പുകളിലും വലവിരിച്ചിപ്പുണ്ട്.

പുസ്തക മോഹവുമായി എത്തുന്ന തുടക്കക്കാരനെയിവര്‍ താങ്കള്‍ വലിയ എഴുത്തുകാരനാണെന്നും താങ്കളുടെ പുസ്തകം ഇറങ്ങിയില്ലെങ്കില്‍ അത് മലയാള ഭാഷയ്ക്കൊരു വന്‍ നഷ്മാണെന്നും ആദ്യം പറഞ്ഞ് വിശ്വസിപ്പിക്കുന്നു.അടുത്ത പടി തങ്ങളുടെ പുസ്തക വിതരണ ശൃംഖല വലുതാണെന്നും വേണമെങ്കില്‍ അന്‍റാര്‍ട്ടിക്കായിലെ പെന്‍ഗ്ഗിനുകളെ കൊണ്ടുവരെ പുസ്തകം വായിപ്പിക്കുമെന്നും ബോധ്യപ്പെടുത്തുന്നു.വേണമെങ്കില്‍ ബുക്കര്‍ പ്രൈസ് വരെ കിട്ടുമെന്നും മോഹിപ്പിക്കുന്നു.
ഇതോടെ എഴുത്തുകാരന്‍/രി ഫ്ലാറ്റ്.അവര്‍ഡുകളും പൊന്നാടകളും സമൂഹത്തില്‍ ലഭിക്കാവുന്ന സ്വീകര്യതയൊക്കെ സ്വപനം കാണുന്ന ഈ പാവങ്ങള്‍ എന്നാല്‍ തങ്ങളുടെ പുസ്തകം എങ്ങനെയെങ്കിലും ഇറക്കിയെ തീരു എന്ന നിലയിലെത്തുന്നു.

ഇനിയാണ് അടുത്ത ചൂണ്ട തങ്ങളുടെ ബാനറില്‍ പുസ്തകം ഇറക്കിതരാമെന്നും പത്തോ ഇരുപതോ പുസ്തകങ്ങള്‍ ഓദേഴ്സ് കോപ്പിയായി നിങ്ങള്‍ക്ക് ഫ്രീ ആയി തരാമെന്നും പറയുന്നു.(തെറ്റു പറയരുതല്ലോ ആ പറഞ്ഞ കോപ്പികള്‍ നിങ്ങള്‍ക്ക് കിട്ടും.അത് നിങ്ങള്‍ എങ്ങനെയേലും കഷ്ടപ്പെട്ട് വില്‍ക്കുകയും ചെയ്യം.ഒരു കാര്യം പ്രത്യേകമോര്‍ക്കുക ആ നൂറു കോപ്പി മാത്രമാണ് വായിക്കപ്പെടാന്‍ പോകുക.)
പുസ്തക പ്രിന്‍റിങ്ങിനും തങ്ങളുടെ ബാനറില്‍ പുസ്തകം ഇറക്കുന്നതിനുമായി മുപ്പതിനായിരം മുതല്‍ അറുപതിനായിരം വരെ നിങ്ങള്‍ മുടക്കണമെന്നും ഇവര്‍ പറയുന്നു.അതിനായി ഇവര്‍ പല കണക്കുകളും അവതരിപ്പിക്കും.ഒരു കാര്യം പ്രത്യേകമോര്‍ക്കുക ഈ തുക എന്ന് തിരിച്ചുകിട്ടുമൊന്നോ റോയല്‍റ്റിയെ കുറിച്ചോ ഇവര്‍ ഒരക്ഷരം സംസാരിക്കില്ല. പുസ്തകവും അവര്‍ഡും സ്വപ്നം കാണുന്ന നിങ്ങള്‍ ഭാര്യയുടെ കെട്ടുതാലി വിറ്റോ,ഭര്‍ത്താവിന്‍റെ കൈകാല്‍ പിടിച്ചോ ഈ പൈസ സംഘടിപ്പിച്ച് കൊടുക്കുന്നു.

ഇനിയാണ് അടുത്ത ഘട്ടം നമ്മുടെ പ്രസാധകന്‍ നിങ്ങളുടെ പണം കൊണ്ട് ആകര്‍ഷകമായി പുസ്തകത്തിന് ഒരു കവര്‍ തയ്യാറാക്കുന്നു.ശേഷം നിങ്ങളെ പുകഴ്ത്തി ഒരു അവതാരികയും ഇനിയാണ് പ്രിന്‍റിങ്ങ് ഏതെങ്കിലും പ്രസില്‍ കൊടുത്ത് കുറഞ്ഞ ചിലവില്‍ നൂറ് കോപ്പിയും അടിക്കും.മറ്റൊരു തട്ടിപ്പുകൂടിയുണ്ട് അതിന്‍റെ പേരാണ് പ്രിന്‍റ് ഓണ്‍ ഡിമാന്‍റ്.അത് പ്രസുകാരനും പ്രസാധകനും കൂടിയുള്ള ധാരണയാണ്. അതായത് നിങ്ങള്‍ക്കാവശ്യമുള്ള അത്ര കോപ്പി മാത്രമടിക്കും അതായത് ഓദേഴ്സ് കോപ്പി.വീണ്ടും നിങ്ങള്‍ കൂടുതല്‍ കോപ്പി വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അമ്പതോ നൂറോ കോപ്പി വീതം അടിച്ചു തരും.എന്നിട്ട് പറയും ആയിരം (ചിലരുടെ അടുത്ത് അഞ്ഞൂറ്) കോപ്പി അടിച്ചിട്ടുണ്ടെന്ന്.അങ്ങനെ തട്ടിപ്പിന്‍റെ വിവിധ മുഖങ്ങള്‍.

ഇതാ നിങ്ങളെ തേടി അടുത്ത കോളെത്തുകയായി പുസ്തകം റെഡിയായിട്ടുണ്ടെന്നും പ്രകാശന ചടങ്ങ് നടത്തേണ്ടതെന്നും അതിന്‍റെ ചിലവിലേക്കായി കുറച്ച് പൈസകൂടി വേണമെന്നും അറീയ്ക്കും.പ്രകാശന പ്രോഗ്രം എന്നാ മഹാമഹത്തിനായി നിങ്ങള്‍ ആരെ കൊന്നേലും പൈസ സംഘടിപ്പും..ദാ പ്രകാശന ചടങ്ങിനുള്ള ദിവസം സമാഗതമായി ഓഡിറ്റോറിയത്തില്‍ നിങ്ങളും കുടുംബാഗങ്ങളും നിങ്ങള്‍ വിളിച്ചു വരുത്തിയ കുറച്ച് നാട്ടുകാരും..ഉദ്ഘാടനം ചെയ്യാന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും പ്രസാധകനും പ്രകാശനം ചെയ്യാന്‍ പ്രസാധകന്‍ നേരത്തെ പറ്റിച്ച ഏതേലും നിങ്ങളെപ്പോലൊരു ഹതഭാഗ്യനായ എഴുത്തുകാരനും..പഞ്ചായത്ത് പ്രസിഡന്‍റ് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്യുന്നു.നിങ്ങള്‍ക്കും കിട്ടും ഒരു തിരി തെളിക്കാനുള്ള അവസരം..പ്രസിഡന്‍റ് നിങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു..നിലവിളക്കിലെ എണ്ണാ തീരാറാകുമ്പോഴേക്കും മൂപ്പര് പ്രസംഗം അവസാനിപ്പിക്കും.അടുത്തത് പ്രകാശന ചടങ്ങാണ് മുമ്പ് പറഞ്ഞ ഹതഭാഗ്യനായ എഴുത്തുകാരന്‍ പുസ്തകം പ്രകാശനം ചെയ്യുന്നു അപ്പോള്‍ നിലവിളക്ക് കരിന്തിരി കത്തി തുടങ്ങീട്ടുണ്ടാവും.അടുത്ത ഊഴം നിങ്ങളുടേതാണ് നന്ദി പറയല്‍ അഥവ മറുപടി പ്രസംഗം. ആദ്യ പുസ്തകം ഇറങ്ങിയ സന്തോഷത്തില്‍ കണ്ണ് നിറഞ്ഞ് ചുണ്ടുകള്‍ വിതുമ്പി നിങ്ങള്‍ പ്രസംഗം അവസാനിച്ച് കഴിയുമ്പോളേക്കും വിളക്കിലെ എണ്ണ തീര്‍ന്നിട്ടുണ്ടാവും തിരികെട്ടിട്ടുണ്ടാവും.നിങ്ങളുടെ അവസ്ഥയും ഏകദേശം ആ വിളക്കിന്‍റെ പോലാവും. നൂറ് കോപ്പിയടിച്ച പുസ്തകത്തിന്‍റെ എണ്‍പത് കോപ്പി പ്രസാധകന്‍റെ വീടിന്‍റെ കോണിപ്പടിയുടെ ചുവട്ടിലോ ഓഫീസ്മുറിയുടെ ചുവട്ടിലോ പൊടി പിടിച്ച് കിടപ്പുണ്ടാവും.നിങ്ങള്‍ ഇരുപത് കോപ്പിയുടെ എഴുത്തുകാരാനായി നെടുവീര്‍പ്പിടും...അപ്പോള്‍ പ്രസാധകന്‍ നിങ്ങളുടെ പ്രകാശന ചടങ്ങിന്‍റെ ഫോട്ടോ കാണിച്ച് അടുത്ത ഇരയെ വീഴ്ത്തുകയായിരിക്കും..

പ്രിയ എഴുത്തുകാരാ/കാരി നിങ്ങള്‍ ഒരു പുസ്തകം ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക.ആദ്യം നിങ്ങള്‍ എഴുതിയത് പ്രസിദ്ധീകരണയോഗ്യമാണോയെന്ന് അത്യാവശ്യം വായനയുള്ള ആരെയെങ്കിലും കൊണ്ട് വായിപ്പിച്ച് അഭിപ്രായം തേടുക.ഒരിക്കലും ഫേസ് ബുക്ക് വാട്സപ്പ് കമന്‍റുകള്‍ സ്വീകരിക്കരുത്.അത് നിങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രം എഴുതി വിടുന്നതാണ്.അടുത്ത പടി പ്രസാധകനെ കണ്ടത്തലാണ്.അതിനായി കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക.നിങ്ങള്‍ തേടുന്ന പ്രസാധകന്‍ എത്ര പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് അതില്‍ തന്നെ എത്ര മികച്ച പുസ്തകങ്ങളുണ്ട്,ഏതൊക്കെ പുസ്തകങ്ങള്‍ റീ പ്രിന്‍റ് വന്നിട്ടുണ്ട്.അവര്‍ എത്ര മികച്ച എഴുത്തുകാരുടെ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.കേരളത്തിലെ ലൈബ്രറി കൗണ്‍സിലുകളും മറ്റു സംഘടനകളും നടത്തുന്ന പുസ്തക മേളകളില്‍ അവര്‍ പങ്കെടുക്കാറുണ്ടോ.ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രസാധകനെ തേടിയുള്ള യാത്രയുടെ ആദ്യ ഘട്ടം കഴിഞ്ഞു.ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ കുറച്ച് പ്രസാധകരുടെ പേരുണ്ട്.ഇനി അതില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുക്കുക അവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രസാധകന്‍റെ ബാനറാണ് അവര്‍ കേരളത്തില്‍ എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുണ്ട് അവര്‍ക്ക് എഡിറ്റോറിയല്‍ ബോര്‍ഡുണ്ടോ ചില പ്രസാധകന്‍ തന്നെ നല്ല എഡിറ്ററുമായിരിക്കും.ഇപ്പോ നിങ്ങള്‍ നല്ലൊരു പ്രസാധകനെ കണ്ടെത്തിയിരിക്കുന്നു.ഇനി അവരുമായി ഒരു എഗ്രിമെന്‍റ് തയ്യാറാക്കുക.ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനിക്കുക.
അപ്പോള്‍ എഴുത്തുകാരാ നിങ്ങള്‍ കരിന്തിരികളാകതെ പ്രകാശിച്ചുകൊണ്ടിരിക്കട്ടേ....നിങ്ങളുടെ നന്മകള്‍ മാത്രം ആഗ്രഹിക്കുന്ന ഒരു വായനക്കാരന്‍..

ജോയിഷ് ജോസ്.