വടക്കൻ കേരളത്തിൽ ഉള്ള ഒരു ശിവക്ഷേത്രമാണ് കൊട്ടിയൂർ . വർഷത്തിൽ വളരെ കുറച്ചുകാലത്തേക്കേ ക്ഷേത്രം തുറക്കാറുള്ളൂ. ആ കാലങ്ങളിൽ പൂജക്കും ആരാധനക്കുമായി ആൾക്കാർ വരുന്നതല്ലാതെ, ശേഷിച്ച ദിവസങ്ങളിൽ ആരും അങ്ങോട്ട് പോകാറില്ല. അതിനാൽ തന്നെ ക്ഷേത്രവും പരിസരവും കാടുപിടിച്ചു കിടക്കും. അങ്ങിനെ ഒരു ദിവസം നടതുറന്നിരുന്ന കാലത്തു പൂന്താനം ക്ഷേത്ര ദർശനത്തിനായി എത്തി.
പൂന്താനത്തിൻ്റെ കൃഷ്ണഭക്തിയെക്കുറിച്ചും, ഗുരുവായൂരപ്പനു പൂന്താനത്തിനോടുള്ള പ്രത്യേക സ്നേഹത്തെക്കുറിച്ചും പ്രത്യേകിച്ചു വിവരിക്കേണ്ടതില്ലല്ലോ. പല കുടുക്കിൽ നിന്നും പൂന്താനത്തെ അപ്പോഴപ്പോൾ തന്നെ ഗുരുവായൂരപ്പൻ കാത്തു രക്ഷിച്ചുപോന്നു. പൂന്താനത്തിൻ്റെ ഭക്തി സാന്ദ്രമായ ഭാഗവത വായനയും, വ്യാഖാനവും കേൾക്കാൻ ആ കാലത്തും ദൂരെ ദിക്കിൽ നിന്നുപോലും ആൾക്കാർ തടിച്ചുകൂടിയിരുന്നു.
പുണ്യ നദിയിൽ കുളിച്ചു, ശിവഭഗവാനെ വന്ദിച്ചു പുറത്തു വന്ന പൂന്താനത്തോട് അവിടെ കൂടിയ ഭക്തർ ഒരു ദിവസമെങ്കിലും ഭാഗവതപാരായണം നടത്താൻ നിർബ്ബന്ധിച്ചു. പ്രശാന്ത സുന്ദരമായ ആ പ്രദേശവും, ക്ഷേത്രവും, സർവ്വോപരി മഹാദേവൻ്റെ പുണ്യ സാന്നിദ്ധ്യവും കാരണം , അവിടെ കുറച്ചുനാൾ തങ്ങികളയാം എന്ന് പൂന്താനവും കരുതി. അദ്ദേഹം സന്തോഷപൂർവ്വം അവരുടെ ആവശ്യം അംഗീകരിച്ചു.
അങ്ങിനെ കൊട്ടിയൂരപ്പൻ്റെ തിരുമുമ്പിൽ, പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു. കേൾവിക്കാരായി പത്തോ നൂറോ ആൾക്കാരും. അവരെല്ലാം ഭക്തി നിർഭരമായ ഭാഗവത പാരായണം ആസ്വദിച്ചു. അങ്ങിനെ പത്താം സ്കന്ദത്തിലെ അറുപതാം അദ്ധ്യായമായ ശ്രീകൃഷ്ണരുക്മിണീ സംവാദം ( ദമ്പതീ വിനോദം) വരെയെത്തി. ഭഗവാൻ കൃഷ്ണൻ തൻ്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തയെ പരീക്ഷിക്കാൻ വേണ്ടി തമാശയ്ക് പരിഹസിക്കാൻ ആരംഭിച്ചു. " ശിശുപാലനെ പോലെ എത്രയോ വലിയ മഹാരാജാക്കന്മാർ ഇരിക്കെ എന്തിനാ എന്നെ പ്രണയിച്ചത് " എന്നും മറ്റുമുള്ള പരിഹാസം താങ്ങാനാവാതെ രുഗ്മിണി ദേവി മോഹാലസ്യപ്പെട്ടു. അത് കണ്ടു ഭഗവാൻ ദേവിയെ ആശ്വസിപ്പിച്ചു. ഇങ്ങനെ അവരുടെ പ്രണയകലഹവും, അനുരഞ്ജനവും, പ്രണയവും ഒക്കെ വളരെ സരസമായി പൂന്താനം വർണ്ണിച്ചു. എന്നിട്ടു ദർഭകൊണ്ടു അടയാളം വെച്ചു അന്നത്തെ വായന അവസാനിപ്പിച്ചു.
പിറ്റേദിവസം വീണ്ടും വായനക്ക് വന്ന പൂന്താനത്തിനു ചെറിയ ഒരു അന്ധാളിപ്പ്., കാരണം ദർഭ വീണ്ടും അദ്ധ്യായത്തിൻ്റെ തുടക്കത്തിൽ തന്നേ ഇരിക്കുന്നു. അബദ്ധം പറ്റിയതാവും എന്ന് കരുതി അദ്ദേഹം വീണ്ടും ദമ്പതീ വിനോദം വായിച്ചു വിവരിക്കാൻ തുടങ്ങി. അങ്ങിനെ അന്നത്തെ വായന തീർത്തു തെറ്റാതെ വീണ്ടും അടയാളം വച്ചു അവസാനിപ്പിച്ചു. എന്തിനു പറയണം പിറ്റേ ദിവസം വന്നപ്പോഴും ദർഭ പഴയതു പോലെ ശ്രീകൃഷ്ണരുക്മിണീ സംവാദം അദ്ധ്യായത്തിൻ്റെ തുടക്കത്തിൽ തന്നെ. അങ്ങിനെ കൊട്ടിയൂരമ്പലത്തിലെ പൂജ തീരുംവരെ പൂന്താനം ശ്രീകൃഷ്‌ണരുക്മിണീ സംവാദം വിവരിക്കുന്ന അദ്ധ്യായം തന്നെ വീണ്ടും വീണ്ടും വായിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
പൂജ തീർന്നു. നട അടച്ചു. പൂന്താനവും, മറ്റു ഭക്തന്മാരും കൊട്ടിയൂരപ്പനോട് വിട വാങ്ങി യാത്ര പുറപ്പെട്ടു. വഴി മദ്ധ്യേ, ഭാഗവതം ക്ഷേത്രത്തിൽ തന്നെ മറന്ന് വച്ചോ എന്ന് പൂന്താനത്തിനൊരു ശങ്ക. മാറാപ്പു തപ്പി നോക്കി. ഇല്ല. ഭാഗവതം മറന്നു. തിരികെ ക്ഷേത്രത്തിൽ പോകണം. കൂട്ടുകാരോട് ചോദിച്ചപ്പോൾ അവർക്കെല്ലാം കൂടെ ചെല്ലാനൊരു മടി, ഒരു ഭയം. എന്താണെങ്കിലും പൂന്താനം ഒറ്റയ്ക്കു ക്ഷേത്രത്തിലേക്ക് നടന്നു,
ക്ഷേത്രത്തിൽ ചെന്നപ്പോൾ ആരുമില്ല. അമ്പലത്തിൻ്റെ നട അടച്ചിരിക്കുന്നു. ഇനിയെന്തു ചെയ്യും എന്നാലോചിച്ചു നിന്നപ്പോൾ അകത്തുനിന്നും ഭാഗവതപാരായണം കേൾക്കുന്നു. പൂന്താനം താക്കോൽ ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കി. കണ്ടകാഴ്ച ആരെയും രോമാഞ്ചം അണിയിക്കും. ഭഗവാൻ ശിവൻ , പാർവ്വതി ദേവിക്കു ശ്രീകൃഷ്നരുക്മിണീ സംവാദം വായിച്ചു വിശദീകരിക്കുന്നു. ചുറ്റും ഭൂതഗണങ്ങളും ഉണ്ടു പൂന്താനം അതുകേട്ടു അവിടെത്തന്നെ നിന്ന്. ഭഗവാൻ വായിച്ചു തീർന്നു. എന്നിട്ട് ദേവിയോട് ചോദിച്ചു " എങ്ങനെയുണ്ടായിരുന്നു എൻ്റെ വായന?" . ദേവി പറഞ്ഞു " നന്നായിരിക്കുന്നു. എന്നാലും പൂന്താനം വായിക്കുന്ന അത്ര വരുന്നില്ല." ഇതുകേട്ടു ഭഗവാൻ പറഞ്ഞു " അതെനിക്കറിയാം പൂന്താനം ഇത് വായിക്കുന്നത് വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടി ഞാൻ തന്നെയല്ലേ അടയാളം മാറ്റി വച്ചത്." ,
ഇതുകേട്ട പൂന്താനം ഭക്തി പരാവശ്യത്തോടെ ഗുരുവായൂരപ്പനെ കണ്ണടച്ച് കൈകൂപ്പി ഉറക്കെ വിളിച്ചു . കണ്ണ് തുറന്നു നോക്കിയപ്പോൾ ദേവനും ദേവിയും മറഞ്ഞിരുന്നു.
പൂന്താനത്തിൻ്റെ കറതീർന്ന ഭക്തിയിൽ ചാലിച്ചെടുത്ത ഭാഗവത പാരായണം കേൾക്കാൻ ത്രിമൂർത്തികൾ പോലും കൊതിച്ചിരുന്നു. അല്ലെങ്കിൽ തന്നെ ഭഗവത് പാദങ്ങളിൽ സമ്പൂർണ്ണ സമർപ്പണമല്ലാതെ ഈ കലികാലത്തു മറ്റെന്തു മോക്ഷമാർഗ്ഗമാണുള്ളത്.🌸