Google Ads

Wednesday, June 6, 2018

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.

വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ഠയുള്ള 10 ക്ഷേത്രങ്ങൾ.അതും കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.
ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ് വരകളിലാണ് ഈ ക്ഷേ(തങ്ങളൊക്കെയും.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.ഓരോ ക്ഷേ(തങ്ങളെയായി പരിചയപ്പെടുത്താം.
ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ഠകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരവുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് 'കാക്കൂർ 'എന്നായി മാറിയതുമാണത്രെ.
1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ് വരയിൽ മത്സ്യാവതാര ക്ഷേത്രം.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ മൂന്നാമത്തെ വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്.

10. കൽക്കി :-
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.