Google Ads

Friday, June 17, 2016

സഞ്ചാരം...അവസാന ഭാഗം...

ലോകസഞ്ചാരം കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്കു മടങ്ങി.
പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം.
ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്.
കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി. പക്ഷെ എന്‍റെ അടുത്ത സഞ്ചാരം റോക്കറ്റില്‍ കയറി ചോവ്വയിലെക്കാണ്. ഇനി അതിന്‍റെ പരിശീലനപരിപാടികളാണ്.

മുകളിൽ നിന്ന് സമയം പോയതറിഞ്ഞില്ല , ഞാൻ അല്പം മുൻപ് പറഞ്ഞ സ്ത്രീ ഭക്ഷണം കഴിക്കുവാൻ വിളിക്കുന്നു , അവരുടെ കുട്ടിയാവണം. ഹാളിൽ ഇരുന്നു ഏതോ ഹിന്ദി സിനിമ കാണുകയാണ് വിരുതൻ.
പൈപ്പ് ശെരിയാക്കിയെങ്കിലും കൈ കഴുകുവാൻ ഞാൻ മറന്നു , മേശയിൽ അധികം വിഭവങ്ങൾ ഒന്നും തന്നെയില്ല. അരി വെള്ളത്തിൽ ഇട്ട് വെറുതെ തിളപിച്ച ശേഷം പാത്രങ്ങളിലേക്ക് പകരുകയാണ് ഇവിടുത്തെ രീതി. കൈ കൊണ്ടോ നിർബന്ധമെങ്കിൽ സ്പൂണ് കൊണ്ടോ കഴിക്കാം.

അകത്തെ മുറികള്‍ വിശാലവും കൗതുകമുണര്‍ത്തുന്നതുമാണ്. ഒരു ഇന്ത്യന്‍ ബാലന്‍ എന്റെ അടുക്കല്‍ വന്നു നിന്നു എന്റെ ജാക്കറ്റില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു വല്ല വാഴയും വച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത എന്റെ മനസ്സില്‍ കൂടി കടന്നു പോയി.


അകത്തേക്ക് കടക്കുമ്പോഴാണ് ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പൻ താടി പോലെ വെളുത്ത മുടിയുള്ള ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചത്. അപ്പൂപ്പൻ അകത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാളുടെ ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും അത് മലയാളത്തിലാക്കുമ്പോൾ '' ഊരുതെണ്ടി എത്തീ'' എന്നാണെന്ന് എനിക്ക് മനസ്സിലായി. ..