Google Ads

Friday, May 6, 2016

സുഭാഷിതം

സിംഹാദേകം ബകാദേകം
ശിക്ഷേച്ഛത്വാരി കുക്കുടാല്
വായസാത്പഞ്ച ശിക്ഷേ ച
ഷഢ് ശുനസ്ത്രീണി ഗര്ദ്ദഭാല്

പക്ഷിമൃഗാദികളില് നിന്നും മനുഷ്യന്
ഏറെ ഗുണപാഠങ്ങള് ലഭിക്കുന്നുണ്ട്.
സിംഹവും കൊക്കും ഓരോ ഉപദേശം
നല്കുന്നു. കോഴിയില് നിന്ന് നാലും
കാക്കയില് നിന്ന് അഞ്ചും നായയില്
നിന്ന് ആറും കഴുതയില് നിന്ന് മൂന്നും
പാഠങ്ങള് മനുഷ്യന് പഠിക്കാം
.
പ്രഭുതം കാര്യമല്പം വാ
യന്നര: കര്തുമിച്ഛതി
സര്വ്വാരംഭേണ തത്കാര്യം
സിംഹാദേകം പ്രചക്ഷതേ

സിംഹം ഇരയുടെ മേല് സര്വ്വശക്തിയും
പ്രയോഗിച്ച് ചാടി വീഴുന്നു, ഇരയെ
കീഴ്പ്പെടുത്തന്നവരെയ്ക്കും അത്
വിശ്രമിക്കുകയുമില്ല. ഇത് പോലെ
നമ്മുടെ പദ്ധതികളെല്ലാം അതി
ശക്തമായിത്തന്നെ പ്രയോഗത്തില്
വരുത്തണം, അത് പൂര്ത്തീകരിക്കുന്നതു
വരെ വിശ്രമിക്കയുമരുത്.

ഇന്ദ്രിയാണി ച സംയമ്യ
ബകവല് പണ്ഡിതോ നര:
ദേശകാലബലം ജ്ഞാത്വാ
സര്വ്വകാര്യാണി സാധയേല്

വെള്ളം നിറഞ്ഞ പാടത്ത് കൊക്ക്
നിശ്ചലനായി ഏകാഗ്ര ദൃഷ്ടിയോടെ
നിന്ന് മുന്നില് വന്നുപെടുന്ന മത്സ്യത്തെ
മാത്രം കൊത്തി വിഴുങ്ങുന്നു. എന്ന്
പറഞ്ഞാല് അങ്ങുമിങ്ങും കാണുന്ന
മത്സ്യങ്ങളെ ലക്ഷ്യം വയ്ക്കാതെ
ക്ഷമയോടെ കാത്തിരുന്ന് തന്റെ
കൈപ്പിടിയില് ഒതുങ്ങും എന്ന് പൂര്ണ്ണ
ഉറപ്പുള്ള മത്സ്യത്തെ മാത്രം
പിടിക്കുന്നു.

പ്രത്യുത്ഥാനം ച യുദ്ധം ച
സംവിഭാഗം ച ബന്ധുഷു
സ്വയമാക്രമ്യ ഭുക്തം ച
ശിക്ഷേച്ഛത്വാരി കുക്കുടാല്

പ്രഭാതത്തില് ഉണര്ന്ന്,
കര്മ്മനിരതനായി, ഭക്ഷണം കണ്ടെത്തി,
കൂട്ടുകാര്ക്ക് പങ്കിട്ടു കൊടുക്കുന്ന
കോഴിയില് നിന്ന് നമുക്ക് നാലു പാഠങ്ങള്
പഠിക്കാം.

ഗൂഢമൈഥുന ചാരിത്വം ച
കാലേ കാലേ ച സംഗ്രഹം
അപ്രമത്തമ വിശ്വാസം
പശ്ചശിക്ഷേച്ച വായസാല്
രഹസ്യ മൈഥുനം,
ഭാവിക്കുവേണ്ടി
കരുതിവയ്ക്കല്, സദാ ജാഗ്രത, സര്വ്വത്ര
അവിശ്വാസം, ശുഭാപ്തി വിശ്വാസം
ഇവയാണ് കാക്ക നമുക്ക് നല്കുന്ന അഞ്ച്
ഉപദേശങ്ങള്.

ബഹ്വാശി സ്വല്പസന്തുഷ്ട:
സുനിദ്രോ ലഘുചേതന:
സ്വാമിഭക്തശ്ച ശൂരശ്ച
ഷഡതോ ശ്വാനതോ ഗുണോ:

നായ എപ്പോഴും അമിതമായി
ഭക്ഷിക്കുന്നു, ഭക്ഷണം
കിട്ടിയില്ലെങ്കിലും അതിന്
പരാതിയില്ല. എപ്പോഴും
ഉറങ്ങുകയാണെന്ന് തോന്നും, പക്ഷെ ഏത്
ചെറിയ അനക്കം കേട്ടാലും അത്
ഞെട്ടി ഉണരുന്നു. മനുഷ്യനോട് വിശ്വസ്തത
പുലര്ത്തുന്ന നായ അതേസമയം തന്റെ
വര്ഗ്ഗത്തോട് അതിശക്തമായി
പോരാടുകയും ചെയ്യുന്നു.

ശുശ്രാന്തോ/പി വഹേല് ഭാരം
ശീതോഷ്ണം ന ച പശ്യതി
സന്തുഷ്ടശ്ചരതേ നിത്യം
ത്രിണി ശിക്ഷേച്ച ഗര്ദഭാല്

വിശ്രമമില്ലാതേയും
പരാതിയില്ലാതേയും ഭാരം ചുമക്കുക,
ചൂടും തണുപ്പും ഒരു പോലെ
കണക്കാക്കുക, ഏതുകാര്യത്തിലും
സന്തുഷ്ടനായിരിക്കുക- ഈ മൂന്ന്
കാര്യങ്ങളാണ് കഴുത നമ്മെ
പഠിപ്പിക്കുന്നത്