Google Ads

Monday, March 12, 2018

പഴനി ദണ്ഡായുധപാണി പ്രതിഷ്ഠ

ആദ്യകാല സിദ്ധന്മാർ ദൈവികമായ ആർച്ചനകളും പൂജകളും ചെയ്തിരുന്നില്ല.എന്നാൽ ഭോഗർ അതിന് മാറ്റം വരുത്തി.സിദ്ധവിദ്യകളെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗം ആയിട്ടാണ് ഭോഗർ ഭക്തിമാർഗത്തെ കണ്ടത്.പലനിയിലെ ബാലടണ്ഠയുധപാണി പ്രതിഷ്ഠ നടത്തിയതും പൂജാവിധികൾ നിർണയിച്ചതും ഭോഗർ ആണ്.പളനിയിൽ 5000 വർഷമെങ്കിലും നിലനിൽക്കുന്ന ഒരു വിഗ്രഹം സ്ഥാപിക്കണമെന്ന കാഴ്ചപ്പടയിരുന്നു ഭോഗർക്കുള്ളത്.ഏറ്റവും കടുത്ത കരിങ്കല്ലിൽ പോലും പഞ്ചാമൃത അഭിഷേകം കൊണ്ട് പൊട്ടൽ ഉണ്ടാകുമായിരുന്നു.കടുപ്പമേറിയ വിഗ്രഹം ഉണ്ടാക്കാനുള്ള രാസകൂട്ട് കണ്ടുപിടിക്കാൻ ആയി ഭോഗർ ധ്യാനത്തിൽ പ്രവേശിച്ചു.അങ്ങനെയാണ് നവപാഷണത്തിന്റെ കൂട്ട് വളരെ കടുപ്പമേറിയതും യുഗങ്ങളോളം നിലനിൽക്കും എന്നും മനസിലാക്കിയത്.നവപാഷണങ്ങൾ എന്നത് ഒമ്പത് വിഷങ്ങളാണ്.എന്നാൽ ഇവ ഒന്നിച്ചുചേർന്നാൽ മഹാഔഷധമായി മാറുന്നു.നവപാഷണങ്ങളിൽ ഓരോന്നിനേയും അലിയിപ്പിക്കാനും ദ്രാവമാക്കുന്നതിനും മറ്റനേകം മരുന്നുകൂട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.ഇവ പൊടിച്ചതിനു ശേഷം കൂടിച്ചേർക്കുന്ന വിദ്യ അഗസ്‌ത്യറിൽ നിന്നാണ് ഭോഗർ പഠിച്ചത്.കൂടിച്ചേർക്കുന്ന വിദ്യക്ക് "കാട്ടുതൽ" എന്നു പറയുന്നു.ഇതൊരു സിദ്ധയോഗ മരുന്നാണ്.ഇതുതന്നെ അന്ന് രണ്ടു തരത്തിൽ ഉണ്ടായിരുന്നു.
1.ഉപ്പുകാട്ട്
ഇതിൽ ആയിരക്കണക്കിന് പച്ചമരുന്നുകളും ചാറുകളും ഉപോലും രാസവസ്തുക്കളും ചേർക്കുന്നു.
2.സുന്നുകാട്ട്
ഇതിൽ രാസവസ്തുക്കൾ കൂട്ടി ഉരുക്കി ചേർക്കുന്നു.
ഉപ്പുകാട്ടുവിൽ അനേകം മരുന്നുകൾ ഉണ്ടാക്കണം.പലവിധത്തിലുള്ള വിഷമതകളും ഉണ്ടാകും.സുന്നുകാട്ടുവിൽ രാസവസ്തുക്കളുടെ വിഘാടനം മൂലമുള്ള വിഷപുക ശ്വസിച്ചാൽ അനേകം രോഗങ്ങൾഉണ്ടാകും.അതിനാൽ തന്നെ വളരെ കുറച്ചു പേർ മാത്രമേ ഇക്കാര്യത്തിൽ അറിവുള്ളവരായി ഉള്ളായിരുന്നു. ഭോഗർ ഈ രണ്ടു വിദത്തിലും ബിംബങ്ങൾ ഉണ്ടാക്കിയിരുന്നു.നവപാഷണബിംബ നിര്മിതിയുടെ രഹസ്യം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.പലനിയിലെ വിഗ്രഹത്തിൽ രാത്രിയിൽ വെക്കുന്ന ചന്ദനം രാസപ്രക്രിയയുടെ ഫലമായി രാവിലെ ആകുമ്പോഴേക്കും നിറം മാറുന്നു.ഇതിനെ രാക്കാല ചന്ദനം എന്നു പറയുന്നു.ഈ ചന്ദനം ഔഷധമായി രോഗികൾക്ക് നല്കാറുണ്ട്.കേരളത്തിലെ കാൻസർ വിദഗ്ധനായ ഡോക്ടർ സിപി മാത്യു ഇന്നും നവപാഷണ കൂട്ടുകളുപയോഗിച്ചു ഇന്നും ചികിത്സ നടത്തുന്നു.സിദ്ധവിദ്യകളുടെ അത്ഭുതാഹാരണമായി നവപാഷണക്കൂട്ട് ഇന്നും നില നിൽക്കുന്നു.
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക.കൂടുതൽ അറിയുന്നവർ വിവരങ്ങൾ കൂട്ടിചേർക്കുക
അന്പേ ശിവം

വാകച്ചാര്‍ത്ത് നടത്തുന്നത് എങ്ങനെ?

*നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷമാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. ഭഗവാന്‍റെ നിത്യകൃത്യങ്ങള്‍ വാകച്ചാര്‍ത്തോടെയാണ് ആരംഭിക്കുന്നത്. നിര്‍മ്മാല്യ ദര്‍ശനത്തിനുശേഷം പൂജാരി നിര്‍മ്മാല്യം വാരി വടക്ക് ഭാഗത്തിട്ട് കൈ കഴുകി വൃത്തിയാക്കി ബിംബത്തെ ശുദ്ധജലംകൊണ്ട് കഴുകി എണ്ണ (തൈലം) ആടുന്നു. ഈ എണ്ണ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. ഔഷധഗുണവും ദൈവീക മൂല്യവും ഇതിനുണ്ട്. എണ്ണയാടിക്കഴിഞ്ഞാല്‍ എണ്ണമയം പോയാല്‍ വാകച്ചാര്‍ത്തായി. അതിനുശേഷം പുണ്യാഹം, സപ്തശുദ്ധി, പുരുഷസൂക്തം, അതാത് ദേവസൂക്തങ്ങള്‍ എന്നിവയില്‍ അഭിഷേകം ചെയ്ത് പൂവും ചന്ദനവും ചാര്‍ത്തുന്നു. ഈ സമയം ഉദയസൂര്യനെപ്പോലെ പ്രകാശിക്കുന്ന തേജോമയമായ ദേവബിംബത്തെ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നു.*

പൂന്താനത്തിന്റെ മോക്ഷം

ഗുരുവായൂരപ്പന്റെ ഭക്തന്മാരിൽ ആരെക്കാളും ഉപരിയാണ് പൂന്താനത്തിന്റെ പദവി. ഉടലോടെ (ശരീരത്തോടെ) വൈകുണ്ഠം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സുകൃതിയാണദ്ദേഹം.

വാർദ്ധക്യം മൂലം ഗുരുവായൂരിലെത്താൻ കഴിയാതെ വന്ന പൂന്താനം അങ്ങാടിപ്പുറത്തിനടുത്ത് ഇടത്തുപുറം ക്ഷേത്രം സ്ഥാപിച്ച് അവിടെ ഭജനയുമായി കഴിയുന്ന കാലം. വയസ്സ് തൊണ്ണൂറായിക്കഴിഞ്ഞിരിക്കുന്നു. നിത്യവൃത്തിക്കോ ഭഗവൽ ഭജനത്തിനോ കോട്ടം തട്ടത്തക്കവണ്ണം ഒരു അവശതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആണ്ടു പിറന്നാളടുത്തു. ബന്ധുക്കളെയും ചാർച്ചക്കാരെയും മുഴുവൻ സദ്യക്കു ക്ഷണിച്ചിരുന്നു. അതിവിപുലമായ സദ്യയൊരുക്കി. പൂന്താനം ഇടയ്ക്കിടെ പറയും; പിറന്നാളിന് ഗുരുവായൂരപ്പനെയും ക്ഷണിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ തീർച്ചയായും വരുമെന്നും, താൻ കൂടെ മടക്കത്തിൽ ഭഗവാനെ അനുഗമിക്കുമെന്നും പൂന്താനം ഉറപ്പിച്ചു പറഞ്ഞു. ഒരു വൃദ്ധമനസ്സിന്റെ ചാപല്യമായിട്ടുമാത്രമേ അത് ശ്രോതാക്കൾ ഗണിച്ചുള്ളൂ. സമയം മദ്ധ്യാഹ്നത്തോടടുത്തു. സദ്യയ്ക്ക് ഇല വെച്ചു. തെക്കിനിത്തറയിൽ പ്രത്യകമായി വാട്ടെല വെപ്പിച്ച് പൂന്താനം പരിഭ്രമിച്ചു കൊണ്ട് അവിടെയെല്ലാം ഓടി നടന്നു. ഇടയ്ക്കിടെ പടിപ്പുരവരെ പോയി നോക്കും. മടങ്ങി വന്ന് വിശിഷ്ടാതിഥികൾക്കുള്ള ഒരുക്കങ്ങൾ വേണ്ടതുപോലെയില്ലേ എന്നു നോക്കും. അങ്ങിനെയിരിക്കെ പൂന്താനം പറഞ്ഞു " അതാ തേരൊച്ച കേൾക്കുന്നു. ഭഗവാൻ വന്നു തുടങ്ങി. ഞാൻ പോയി കൂട്ടിക്കൊണ്ടു വരാം. " പടിയ്ക്കലേയ്ക്ക് ഓടിയെത്തിയ പൂന്താനം, മുമ്പിൽ നടന്നുകൊണ്ട് ഭക്ത്യാദരപൂർവ്വം ബാലഗോപാലനെ അകത്തേയ്ക്കാനയിച്ചു. മറ്റുള്ളവർക്ക് ഭഗവാൻ അദൃശ്യനായിരുന്നതുകൊണ്ട് പൂന്താനത്തിന്റെ ചേഷ്ടകൾ വെറും ഗോഷ്ടികളായിട്ടു മാത്രമേ കാണികൾ കരുതിയുള്ളൂ. തെക്കിനിത്തറയിൽ ആവണപ്പലകമേൽ പട്ടു വിരിച്ച് പൂന്താനം ഭഗവാനെ ഇരുത്തി ഓരോ ഭക്ഷണവും വിളമ്പിക്കൊണ്ട് ഉണ്ണികൃഷ്ണനെ മൃഷ്ടാന്നം ആഹാരം കഴിപ്പിച്ചു. പൂന്താനം ആഹാരമൊന്നും കഴിച്ചിരുന്നില്ല. ആ സമയത്ത് പൂന്താനം ഉറക്കെ പറഞ്ഞു, " അതാ എനിക്കുള്ള വിമാനം വന്നു കഴിഞ്ഞു. ഞാൻ വൈകുണ്ഠത്തിലേക്ക് പോകുന്നു. ആർക്കു വേണമെങ്കിലും എന്റെ കൂടെ പോരാം". ഇതൊരു വൃദ്ധന്റെ ജല്പനമായിട്ടു മാത്രമേ കാണികൾ അപ്പോഴും കരുതിയുള്ളൂ. പെട്ടന്ന് ഒരു ഇടിമിന്നൽ കാണപ്പെട്ടു. മിന്നൽ കഴിഞ്ഞപ്പോൾ പൂന്താനത്തെ അവിടെ കണ്ടില്ല. അതിനിടെ " അടിയനും " എന്ന് പറഞ്ഞുകൊണ്ട് പൂന്താനത്തിന്റെ ഭക്തിയിൽ പൂർണ്ണവിശ്വാസമുണ്ടായിരുന്നു വൃദ്ധയായ ഒരു ദാസി മുന്നോട്ടു വന്നു. അവൾ ഉടൻ തന്നെ നിലത്തു വീണ് പ്രാണൻ വെടിഞ്ഞു. തന്റെ ഭക്തിവിശ്വാസങ്ങളുടെ മഹത്വത്തിൽ അവളുടെ ആത്മാവും സായൂജ്യം പ്രാപിച്ചിരിക്കാം. പൂന്താനത്തിന് മോക്ഷം സിദ്ധിച്ച ആ സ്ഥലത്തിന്റെ പവിത്രത സൂക്ഷിച്ചുകൊണ്ട് ഇന്നും ആ സ്ഥലം നിലനിൽക്കുന്നുവെന്ന് അറിയുന്നു.

ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന...

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം.

ഏഴരപ്പൊന്നാനായുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്, അതില് ഒന്ന് ഏഴരപ്പൊന്നാനയെ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ, മറ്റൊന്ന് മാർത്താണ്ഡവർമ്മ
പ്രായശ്ചിത്തമായി നടയ്ക്ക് വച്ചതുമായാണ്. അത് ഇപ്രകാരം പറയുന്നു.
മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.
എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്
മറ്റൊന്ന് പറയുന്നത് വൈക്കത്തപ്പനുമായി ബന്ധപ്പെട്ടതാണ്,
ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ അല്പം വിശ്രമിക്കുകയും,കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് വന്നപ്പോള് ഏഴരപ്പൊന്നാനകളുടെ മുകളില് പത്തിവിടര്ത്തി നില്ക്കുന്ന സര്പ്പങ്ങളെ കാണുക ഉണ്ടായെന്നും, തുടര്ന്ന് ദൈവഹിതം അറിയാനായി പ്രശ്നം വെച്ചപ്പോള് അത് ഏറ്റുമാനൂരപ്പന് സമര്പ്പിക്കണമെന്ന് ചിന്തയില് കാണുക ഉണ്ടായിയെന്നുമാണ് ഐതിഹ്യം. അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ
ഏഴരപ്പൊന്നാന ദർശനം
ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും
ഏഴരപൊന്നാനയെ കൂടാതെ, രത്നകല്ലുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .[3] ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശിവായ നമ:ശിവായ നമ:ശിവായ
കളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി
കണികാണാൻ വരുന്നേരം കാലത്ത്
കണികാണാൻ വരുന്നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ
തിരുമുടിപ്പുഴയിലെ തീർഥജലം
നമ:ശിവായ നമ:ശിവായ നമ:ശിവായ
(ഏഴരപ്പൊന്നാന..)
ഹിമഗിരി കന്യക കൂവളമലർമാല്യം
അണിയിക്കുമാതിരരാവിൽ
തിരുമാറിൽ അണിയിക്കുമാതിരരാവിൽ
തരുമോ തിലകം ചാർത്താനെനിക്കു നിൻ
തിരുവെള്ളിപ്പിറയിലെ തേൻ കിരണം
നമ:ശിവായ നമ:ശിവായ നമ:ശിവായ
(ഏഴരപ്പൊന്നാന..)

❀ഒാം നമഃ ശിവായ❀

ക്ഷേത്രങ്ങളുടെ മുകളില്‍ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ ?

നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ !
അഥവാ ശ്രദ്ധിച്ചാൽ തന്നെ ചിന്തിച്ചിട്ടുണ്ടോ !
ഭാരതത്തിലെ വിളക്കുവച്ചു ആരാധിക്കുന്ന ദേവി/ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂലബിംബപ്രതിഷ്ഠക്കു മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും. നമ്മളില്‍ പലരും ഇതിനെ പലതരത്തില്‍ തെറ്റായി അര്‍ത്ഥം കണ്ടെത്തുന്നു. ക്ഷേത്രത്തിന്‍റെ അല്ലെങ്കില്‍ വിഗ്രഹത്തിന്‍റെ ദൃഷ്ടിദോഷം മാറുവാന്‍ ആണ് വ്യാളിമുഖ പ്രതിഷ്ഠ എന്നൊക്കെ. അല്ലെങ്കില്‍ പിന്നെ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ ?!
എന്തായാലും സംഗതികളിലേയ്ക്ക് നമുക്കൊന്നു നോക്കാം.
തീർച്ചയായും ,
ഇത്തരം കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടും എന്നു വിശ്വസിക്കുന്നു

ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.

സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. "തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി ", ദേവി ആവശ്യപ്പെട്ടു. ''ഒരു സത്പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ", ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്നു‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌.

വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം 'കിം' എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ 'അതിശയം' എന്ന നാമം അര്‍ത്ഥമാക്കുന്ന 'കിം' ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ 'കിം പുരുഷന്‍' എന്നറിയപ്പെടുന്നത്‌. സത്പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. "ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് ‌എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. 'കിംപുരുഷ' നെ (വ്യാളിമുഖത്തെ) വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ. അങ്ങിനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ "കിം- പുരുഷന്‍" (വ്യാളിമുഖന്‍) വിരാജിക്കുന്നു.

ശിവഭഗവാന്‍ തന്‍റെ കിരീടവും കിം പുരുഷന്‌ നല്കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളിമുഖം / 'കിംപുരുഷ രൂപം' സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ് കിം പുരുഷന്‍. 'ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ്‌' എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌. അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍റെ വികൃതരൂപമോര്‍ത്തു ‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്നു‌ കരുതുന്നു..

പ്രകൃതിക്ഷോഭങ്ങൾ എന്നും ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനിൽക്കുകയാണ്‌. കിംപുരുഷന്‍റെ (വ്യാളിമുഖത്തിന്റെ) ഉത്ഭവകഥ വെറും ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കു അധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം / കിംപുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവപുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌

ശ്രീകൃഷ്ണന്‍

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാരുന്നു...ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു ഭഗവാന്‍ ...ഈശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്നു ഒന്ന് വിലയിരുത്താം...

ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍ ...തന്റെ അമ്മാവനെ വധിക്കുകയും സ്വേച്ചാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്...കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും .പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി "മഥുര"യില്‍നിന്നു ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച്‌ ഒരു സ്ഥാപിക്കുകയാണുണ്ടായത് ,,,പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചു..ഇപ്പോഴും ഒരു രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല..രാജതന്ത്രം,രാഷ്ട്രനിര്‍മ്മാണം ,യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല...യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല...അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപ്രുതാനാരുന്നു...
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...

"കുതാസ് ത്വ കശ്മലമിദം വിഷമേ സമൂപസ്ഥിതം ....അങ്ങനെ അര്‍ജ്ജുനന്റെ മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു..ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല..
ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട് ..അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും...ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം..കൃഷ്ണന്‍ ഒരുനോക്കുകൊണ്ടോ അല്പം വാക്കുകള്‍കൊണ്ടോ അര്‍ജുനനെ പഠിപ്പിച്ചത്..എഴുനൂറു ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്കിയിരുക്കുന്നു...
പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനെല്‍പ്പിക്കുനതിനായും ഉപയോഗിച്ചു..
ഇതെല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ -ഗോപീവല്ലഭന്‍ ,മഥുരാവീരന്‍ ,കംസനിഗ്രഹന്‍ , ദ്വാരകാപതി ,അര്‍ജ്ജുനസുഹൃത് ,മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു...ദുഷ് കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ചു ...അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു...അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ച കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍ -ഈ ഭൂമുഖത്ത്‌ സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു...

ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ...

ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..
എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് ....
അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ്‌ ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...

ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ ....
ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ...

സുഭാഷിതം

" അപ്യല്പ ശക്തരില്‍ പര്‍ത്തെ
തഥാല്‍പ വിഷയ സ്യജ
സുസംഹത സ്യരാഷ്ട്രസ്യ
നിയതാ വിശ്വ മാന്യത "

കുറഞ്ഞ ബലമുള്ളതും കുറച്ചു മാത്രം സമർത്ഥിയുള്ളതും വളരെ ചെറിയ ഭുപ്രദേശമുള്ളതുമായാല്‍ പോലും സുസംഘടിതമായ രാഷ്ട്രത്തിന് ലോകത്തിന്‍റെ ബഹുമാനം നിശ്ചിതമാണ്‌...

————————————-♦♦♦————————————-

" ധന ധാന്യ സുസബന്നം
സ്വര്‍ണ്ണ രത്നാതി സംഭവം
സുസംഹര്‍ത്തിം വിനാ രാഷ്ട്രം
നഹിസ്യത് ശൂന്യ – വൈഭവം "

ധന ധാന്യങ്ങള്‍കൊണ്ട് സുസമ്പന്നവും സ്വര്‍ണത്തിന്‍റെയും രത്നത്തിന്‍റെയും ഘനികള്‍കൊണ്ട് സംമ്പുഷ്ടവുമാണെങ്കില്‍ കൂടി സംഘടിത സമാജമില്ലാതെ രാഷ്ട്രത്തിന് പരം വൈഭവം സാധ്യമാകില്ല...

————————————-♦♦♦————————————-

" ധൃതിക്ഷമാ ദമോ സ്തേയം
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം "
(മനുസ്മൃതി)

ധൈര്യം, സഹനശക്തി, അടക്കം, മോഷണമില്ലായ്മ, പരിശുദ്ധി, ഇന്ദ്രിയനിഗ്രഹം, പരിശുദ്ധമായ മനസ്സ്, വിദ്യ, സത്യം, കോപമില്ലായ്മ ഇവ പത്തുമാണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍

————————————-♦♦♦————————————-

" ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തിപരാക്രമൌ
ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്രപ്രകാശയേത് "

കര്‍മനിരത , സാഹസികത, ധൈര്യം, ബുദ്ധി, ശാരീരിക ശക്തി, വെല്ലുവിളി ഏറ്റെടുക്കാനുള്ള മനോഭാവം, ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും...

————————————-♦♦♦————————————-

ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:

വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ,
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം...

————————————-♦♦♦————————————-

" വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം "

സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം
വിനയം, ശക്തിയോടൊപ്പം സൗമനസ്യം –
ഇവ മഹാ പുരുഷന്‍മാരുടെ അടയാളങ്ങളകുന്നു....

————————————-♦♦♦————————————-

"അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:"

ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം പ്രകടിപ്പിക്കാത്തവന്‍ അപമാനിതനായി തീരുന്നു. മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അഗ്നി നിസ്സാരനെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും നിസ്സാരനല്ല...

————————————-♦♦♦————————————-

"കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്തേ ന മാനുഷ:"

ഒരാള്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരം ചെയ്യുന്നത് ഒരു വ്യാപാരിയുടെ ചുമതലയാണ്. അത് സജ്ജനങ്ങളുടെ ലക്ഷണമല്ല.
(സജ്ജനങ്ങളുടെ ലക്ഷണം ഒന്നും പ്രതീക്ഷിക്കാതെ ഉപകാരംചെയ്യുന്നതാണ്).
പ്രത്യുപകാരം പോലും ചെയ്യാത്തവര്‍ മനുഷ്യരല്ല, അവർ മൃഗങ്ങളാണ്.

————————————-♦♦♦————————————-

" ഉത്സാഹോ ബാലവാനാര്യ
നാസ്ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു
ന കിഞ്ചിദപി ദുഷ്കരം "

അല്ലയോ ശ്രേഷ്ഠാ... ഉത്സാഹം ശക്തിയുള്ളതാണ്. ഉത്സാഹത്തേക്കാള്‍ വലിയ ബലം ഇല്ല. ഉത്സാഹം ഉള്ളയള്‍ക്ക് ദുഷ്ക്കരമായി ഒന്നുമില്ല...

————————————-♦♦♦————————————-

"ആയുര്‍ കര്‍മ്മച വിത്തം ച
വിദ്യാ നിധനമേവച
പന്ജൈതേ നനു കല്പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം"

ഒരാളുടെ ആയുസ്സ്‌, അയാളുടെ കര്‍മ്മമണ്ഡലം, സമ്പത്ത്‌, വിദ്യാഭ്യാസം, മരണം എന്നീ 5 കാര്യങ്ങള്‍ നമ്മുടെ കയ്യിലല്ല. ഇതൊക്കെ ജനിക്കുന്നതിനു മുമ്പേ തന്നെ തീരുമാനിക്കപ്പെടുന്നതാണ്....

————————————-♦♦♦————————————-

"അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ: "


അല്ലയോ മഹാമതേ... ബുദ്ധിശാലി, പാപം
ചെയ്യുന്നവരെ കുറിച്ചു ചിന്തിച്ചു തന്റെ ജീവിതം പാഴാക്കരുത്. അവര്‍ സ്വയം
നശിച്ചു പോകും, നദിയുടെഅറ്റത്തുള്ള
മരങ്ങളെപോലെ അവര്‍ താനേകടപുഴകും...

————————————-♦♦♦————————————-

"അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം "

സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു. ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം ദുഃഖിക്കുന്നു (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ എന്ന ഭയം നിമിത്തമുള്ള ദുഃഖം). അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു, ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ – സമ്പത്താണ്‌ ദുഖത്തിന് കാരണം.

————————————-♦♦♦————————————-

" ധനേന കിം യോ ന ദദാതി നാശ്നുതേ
ബാലേന കിം യച്ച രിപുന്‍ ന ബാധതേ
ശ്രുതേന കിം യോ ന ച ധര്‍മ്മമാചരേത്
കിമാത്മനാ യോ ന ജിതേന്ത്രിയോ ഭവേത് "

കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ധനം കൊണ്ടെന്തു ഗുണം...? ശത്രുക്കളെനേരിടാന്‍ കഴിയാത്ത ബലം കൊണ്ടെന്തുകാര്യം. ധർമ്മാചരണത്തിനുതകാത്ത വേദ ജ്ഞാനം കൊണ്ടെന്തു ഫലം...? ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവന് ആത്മജ്ഞാനം കൊണ്ടെന്തുഫലം...?

————————————-♦♦♦————————————-

" കോ‌ തി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരംവ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം "

കഴിവുള്ളവന് അതി ഭാരമായിട്ടുള്ളത് എന്താണ് ? പ്രയത്നശീലന്‍മാര്‍ക്ക് ദൂരം എന്താണ് ? വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദേശമേതാണ് ? പ്രിയം പറയുന്നവന് അന്യന്‍ ആരാണ് ?

————————————-♦♦♦————————————-

"പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം "

പുറമേ പറയും പഥ്യം, അകമേ ചതി ചെയ്തിടും.
അവനെ മിത്രമാക്കരുത്, കാരണമവർ പാല്‍തൂകും വിഷകുംഭം പോലെയാണ്..

————————————-♦♦♦————————————-

" മനോ ധവതി സാര്‍വത്ര
മദോന്മത്ത ഗജെന്ദ്രവത്
ജ്ഞാനാങ്കുശ സമാബുദ്ധി :
തത്ര നിശ്ചലതേ മന :"

എല്ലായിടത്തും മനസ്സ് മദിച്ച ആനയെപ്പോലെ പായുന്നു. യാതോരിടത്ത് ജ്ഞാനമാകുന്ന തോട്ടി ഉള്‍കൊള്ളുന്ന ബുദ്ധിയുണ്ടോ അവിടെ മനസ്സ് നിയന്ത്രിതമായിത്തീരുന്നു.

————————————-♦♦♦————————————-

" ഇഹമേം കിം നു കര്‍ത്തവ്യം
കര്‍ത്തവ്യം കിമസ്തി ച
ഇതി ചിന്തയാതാം പും സാം
കര്‍മ്മ ശുദ്ധം ഭവേദ് ധ്രുവം. "

ലോകത്ത് എന്‍റെ കര്‍ത്തവ്യം എന്താണ്, ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ചിന്തിക്കുന്നവന്‍റെ കര്‍മങ്ങള്‍ ശുദ്ധങ്ങളായി തീരുന്നു എന്നത് തീര്‍ച്ചയാണ്...

🙏🙏🙏🙏🙏🙏🙏🙏