*നവരാത്രി ആശംസകൾ*
"സർവ്വമംഗല മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ"
ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. അമാവാസി കഴിഞ്ഞുള്ള ആദ്യ ചന്ദ്രദർശനമാണ് നവരാത്രിയുടെ പ്രഥമദിനമായി കണക്കാക്കപ്പെടുന്നത്.
അതിൽത്തന്നെ കന്നിമാസത്തിലെ ചന്ദ്രനു ശക്തിയേറും. ചന്ദ്രന്റെ ബാലാവസ്ഥയിൽനിന്നു യൌവനാവസ്ഥവരെയുള്ള ഒമ്പതു ദിവസങ്ങളാണത്രേ ശ്രേഷ്ഠം. ചന്ദ്രന്റെ ഈ സമയംതന്നെയാണ് ജീവജാലങ്ങളിൽ ഓജസ്സും സംഭരിക്കപ്പെടുന്നത്. അതിനാൽത്തന്നെയായിരിക്കണം ഈ നവരാത്രിക്കു വൈശിഷ്ട്യമേറിയതും.
ഒൻപതു ദിവസങ്ങളിലായി ഒൻപതു ദേവീ ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ
ആദിപരാശക്തിയായ പാർവ്വതിദേവിയുടെ മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്.
1, മഹാസരസ്വതി,
2, മഹാലക്ഷ്മി,
3, മഹാകാളി.
ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ അങ്ങനെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്.
1, ശൈലപുത്രി, (ശൈലം= പർവ്വതം)
നവദുർഗ്ഗമാരിൽ ഒന്നാമത്തെതും നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതുമായാ പ്രകൃതിയാകുന്ന മാതൃസ്വരൂപമായ ശൈലപുത്രി.
സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്.
നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമല പുഷ്പവും കാണപ്പെടുന്നു.
പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളാണ് പർവ്വതരാജന്റെ മകളായതിനാൽ ദേവി പാർവ്വതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.
2, ബ്രഹ്മചാരിണി,
ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസ്സനുഷ്ടിക്കുകയാണുണ്ടായത്. കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.
3, ചന്ദ്രഘണ്ഡാ,
നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി, സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹ വാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്.
4, കുഷ്മാണ്ഡ,
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.
5, സ്കന്ദമാതാ,
ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു.
6, കാർത്യായനി,
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് പാർവതിദേവി തന്റെ പുത്രിയായ് ലഭിക്കണം ആഗ്രഹം ഉണ്ടാവുകയും. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിക്കുകയും ദേവി ഋഷിയിൽ പ്രസാദിച്ച് കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്
7, കാലരാത്രി,
ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടതീർത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലു കൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസ ഭാവം ആണ് മഹാ കാളി രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത്.
നവരാത്രിയിൽ ലളിത ത്രിപുരസുന്ദരി ആയ ശ്രീ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു . ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .
8, മഹാഗൗരി,
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.
നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്. ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയിൽ അന്നപൂർണ്ണേശ്വരിയായ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത്.
9, സിദ്ധിധാത്രി
ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു. നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത്.
ഒൻപതു ദിവസവും വളരെ മഹാത്മ്യമുള്ളതാണ്. ഓരോ ദിനവും ഓരോ രൂപങ്ങളെയാണ് നവരാത്രിയിൽ ആരാധിക്കുന്നത്. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ട ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥ ശ്രീമദ്ദേവീമഹാഭാഗവതത്തിലും മാർക്കാണ്ഡേയ പുരാണത്തിലും വിസ്തരിക്കുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡമുണ്ഡാസുരർ, രക്തബീജൻ, ധൂമ്രലോചനൻ, ശുഭനിശുംഭന്മാര്‍, ഭീമാസുരൻ, അരുണാസുരൻ തുടങ്ങിയ ഘോരരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതിൽ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിൻറെ ബാഹ്യഹേതു.
സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്ക് സൌന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം.
ധർമ്മസംരക്ഷണത്തിൻറെയും ധര്‍മ്മവിജയത്തിൻറെയും സന്ദേശമാണ് നവരാത്രിയുടെ കഥകൾ. അങ്ങനെ ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാനശക്തിയും സമ്പന്നമാക്കി മനുഷ്യായുസ്സിനെ പരിപാലിക്കുക എന്ന ഉദ്ദേശം. വിജയദശമി എന്നും ദസറ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.
മഹാനവമി ദിനത്തില്‍ നടത്തുന്ന ആയുധപൂജയാണ് നവരാത്രി ആഘോഷത്തിലെ പ്രധാനചടങ്ങ്. ദുര്‍ഗാഷ്‌ടമി ദിവസത്തെ സായാഹ്നഹ്നത്തിലാണ് പൂജ വയ്‌ക്കുന്നത്. പൂജവയ്‌ക്കുന്നത് ക്ഷേത്രങ്ങളിലോ വീടുകളിലോ ആവാം. ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നില്‍ പൂജക്കായി വെക്കുന്നു. പൂജവയ്‌പ്പിന്റെ രണ്ടാം ദിവസം മഹാനവമിയെന്ന് അറിയപ്പെടുന്നു. മഹാനവമി ദിനത്തില്‍ പൂജവച്ചിരിക്കുന്ന വസ്‌തുക്കള്‍ ദേവീ പ്രീതിയ്‌ക്കായി പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. മൂന്നാം ദിവസമായ വിജയദശമി, സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പൂജവെച്ചിരിക്കുന്ന ആയുധങ്ങളും മറ്റും തിരികെ എടുക്കാവുന്നതാണ്.
ദേവീപ്രീതി സമ്പാദിക്കുന്ന ഈ ദിവസം ശുഭകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുകയും ഹരീ ശ്രീ ഗണപതയേ നമ: എന്ന് അരിയിൽ കുട്ടികളെക്കൊണ്ട് എഴുതിപ്പിച്ചു കൊണ്ട് കുട്ടികളുടെ വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.
ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, തിന്മയുടെ മേൽ നന്മ ഇതാണ് നവരാത്രി നൽകുന്ന സന്ദേശം