മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്.
എന്നാൽ ഈ വർഷം രണ്ടാം തീയതി അർദ്ധരാത്രി അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്നുണ്ട് എന്നത് വിശേഷമാണ്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.
*അഷ്ടമി-രോഹിണി വ്രതം*
സപ്തമി ദിവസത്തെ (01/09/2018 ശനിയാഴ്ച) സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.
ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്.
ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം.
ഈ ദിവസം അനപത്യതാദുഃഖം (സന്താനമില്ലാത്ത ദുഃഖം) അനുഭവിക്കുന്നവർ സന്താനഗോപാല മന്ത്രം 41 പ്രാവശ്യം നിറഞ്ഞ ഭക്തിയോടെ ജപിച്ചാൽ ഫലസിദ്ധി നിശ്ചയമാണ്.
അതുപോലെ ആയുരാരോഗ്യത്തിന് ആയുർഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്കായി വിദ്യാഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കുക.
*സന്താനഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണാ
ത്വാമഹം ശരണം ഗത
*ആയുർഗോപാല മന്ത്രം*
ഓം ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ ശരണം കൃഷ്ണാ
ത്വാമഹം ശരണം ഗത
*വിദ്യാഗോപാല മന്ത്രം*
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ
സർവജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശാ,
വിദ്യാമാശു പ്രയശ്ചമേ
(നിരീശ്വര വാദികളും ഭൗതിക വാദികളും ക്ഷമിക്കുക. ഇതു നിങ്ങൾക്കുളളതല്ല. നിങ്ങൾക്ക് ഭഗവാനും തട്ടിപ്പിന്റെ വക്താവാണല്ലോ)
ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക.
പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്.
കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.
ഈ വർഷം കഠിനമായ പ്രളയകാല ദുരിതമനുഭവിക്കുന്നവർക്കായിക്കൂടി വ്രതം അനുഷ്ഠിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
*ശ്രീകൃഷ്ണാർപ്പണമസ്തു*